പണത്തിന് വേണ്ടി മനുഷ്യന്‍ എന്തു ചെയ്യാന്‍ മടിക്കില്ലെന്നൊരു ചൊല്ലുണ്ട്. മനുഷ്യന്‍റെ ജീവിതത്തില്‍ പണം അത്രയേറെ സ്വാധീനം ചെലുത്തുന്നുവെന്നത് തന്നെയാണ് കാരണം. കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഏറെ പേര്‍ പങ്കിട്ട ഒരു വീഡിയോയും ഇത്തരത്തിലുള്ള ഒന്നായിരുന്നു. വൃത്തിഹീനമായ അഴുക്കുചാലില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ മുങ്ങി നിന്ന് ആളുകള്‍ 10 രൂപയുടെയും 100 രൂപയുടെയും നോട്ടുകള്‍ ശേഖരിക്കുന്ന വീഡിയോയായിരുന്നു വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതേ സമയം നൂറ് കണക്കിനാളുകള്‍ റോഡില്‍ നിന്നും ഇവരെ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
@paganhindu എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയയില്‍ റോഡിലും മറ്റുമായി താഴെ വൃത്തിഹീനമായ ഒരു അഴുക്ക് ചാലിലേക്ക് നോക്കിനിക്കുന്ന നൂറ് കണക്കിന് മനുഷ്യരെ കാണാം. താഴെ അഴുക്കുചാലിലാകട്ടെ അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് കുറച്ചേറെ ആളുകള്‍ നഗ്നമായ കൈകൊണ്ട് വെള്ളത്തില്‍ എന്തോ തപ്പിനോക്കുന്നതും കാണാം. ചിലര്‍ ആ അഴുക്ക് ചാലില്‍ നിന്നും എന്തോ എടുത്ത് കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് പാഗന്‍ എന്ന് പേരിട്ട ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നും ഇങ്ങനെ എഴുതി, ‘ബീഹാറിന്‍റെ തലസ്ഥാനമായ പട്‌നയിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള പട്ടണമായ സസാറാമിലെ അഴുക്കുചാലിൽ പൊങ്ങിക്കിടക്കുന്ന 100 രൂപയുടെയും 10 രൂപയുടെയും കറൻസി നോട്ടുകൾ കണ്ടെത്തി.’
വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തുമെന്ന് പോലീസ് മാധ്യമങ്ങള്‍ക്ക് ഉറപ്പ് നൽകി. എന്നാല്‍, കനാലില്‍ എത്ര രൂപ ഉണ്ടായിരുന്നുവെന്നതിനോ, പ്രദേശവാസികള്‍ എത്ര പണം ശേഖരിച്ചുവെന്നതിനോ കൃത്യമായൊരു സ്ഥിരീകരണം അധികൃതര്‍ നല്‍കിയിട്ടില്ല. 10, 100, 200, 500 രൂപയുടെ കറന്‍സികള്‍ അഴുക്കുചാലില്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
https://twitter.com/paganhindu/status/1654901254592819200?s=20
എന്നാല്‍, മൊറാദാബാദ് പ്രദേശത്ത് കനാലിന് സമീപം കറന്‍സി നോട്ടുകളുടെ ശേഖരം ഉണ്ടെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നെന്നും ഇത് അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഏതാണ്ട് നാല് മണിക്കൂറോളം പോലീസ് പ്രദേശത്ത് അന്വേഷണം നടത്തി. എന്നാല്‍, പണം കണ്ടെത്താത്തതിനെ തുടര്‍ന്ന് പോലീസ് തിരിച്ച് പോയി. പോലീസ് സ്ഥലത്ത് നിന്ന് പോയതിന് പിന്നാലെയാണ് പാലത്തിന് താഴെയുള്ള ഓടയില്‍ നിന്നും ആളുകള്‍ നോട്ടുകെട്ടുകളുമായി കയറി വന്നതും പിന്നാലെ വാര്‍ത്തയറിഞ്ഞ് പ്രദേശത്തേക്ക് നൂറുകണക്കിനാളുകളെത്തിയതെന്നും ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












