ന്യൂഡൽഹി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കീഴ്കോടതിക്ക് സുപ്രീംകോടതി ജൂലൈ 31 വരെ സമയം നീട്ടിനൽകി. വിചാരണ സംബന്ധിച്ച് പുതിയ റിപ്പോർട്ട് കേസ് അടുത്ത തവണ പരിഗണിക്കുന്ന ആഗസ്റ്റ് നാലിനകം നൽകാനും ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. വിചാരണ വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. പ്രതിഭാഗത്തിന്‍റെ വീഴ്ച കാരണമാണ് വിചാരണ നീളുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സാക്ഷിയെ ഇരുപത്തിമൂന്നര ദിവസമായി എതിര്‍ വിഭാഗം ക്രോസ് എക്സാമിനേഷന്‍ നടത്തുകയാണ്. ഇത് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം കൂടി വേണം എന്നാണ് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ പുരോഗതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സാങ്കേതിക തടസങ്ങള്‍ ഉള്‍പ്പടെ കാരണമാണ് എതിര്‍ വിസ്താരം നീണ്ടു പോകുന്നതെന്ന് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടി. ഇക്കാര്യം കൂടി പരിഗണിച്ചാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള കാലാവധി ജൂലൈ 31 വരെ നീട്ടിയത്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതെന്തിനാണെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് ചോദിച്ചിരുന്നു.
മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് ദിലീപ് നൽകിയ സത്യവാങ്മൂലം കോടതി തള്ളുകയായിരുന്നു. ആവശ്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കേണ്ടെന്ന ദിലീപിന്റെ വാദം തള്ളിയ കോടതി സാക്ഷിവിസ്താരത്തിൽ സുപ്രീംകോടതിയും ഹൈകോടതിയും ഇടപെടില്ലെന്നും വ്യക്തമാക്കിയിരുന്നു.