കോഴിക്കോട്: വയനാട്ടിൽ ആദിവാസി പെൺകുട്ടി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മാനന്തവാടി പൊലീസിനോട് ഫോൺ മുഖേന ആവശ്യപ്പെട്ടിരിക്കയാണ്. ഏറെ ഗൗരവമുള്ള വിഷയമാണിത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും സതീദേവി പറഞ്ഞു.
പീഡനത്തിനിരയായ കുട്ടി ആശുപത്രിയിൽ കഴിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. സംഭവം ഒതുക്കി തീർക്കാൻ അധികൃതരുൾപ്പെടെ ശ്രമിക്കുന്നതായാണ് ആക്ഷേപം. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഏഴിൽ കൂടുതൽ തുന്നലുകൾ വേണ്ടതരത്തിൽ ആഴത്തിൽ മുറിവുണ്ട്. ആശുപത്രി അധികൃതർ പൊലീസിലേക്ക് വിവരം കൈമാറിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിനുപുറമെ, പെൺകുട്ടിയെ കാണാതായതായി കാണിച്ച് കുടുംബം കൊടുത്ത പരാതി വീട്ടുകാരുടെ അനുമതി വാങ്ങി പിൻവലിച്ചിരിക്കുകയാണ്. ഇന്ന് കുടുംബം ബലാൽസംഗത്തിന് കേസ് കൊടുക്കും വരെ പ്രതികളിൽ ഒരാൾ കുട്ടിയെ ഒരു മാസത്തിനുള്ളിൽ വിവാഹം ചെയ്യാമെന്ന വാഗ്ദാനവുമായി രംഗത്തുണ്ടായിരുന്നു.
ദിവസങ്ങളായി ആശുപത്രിയിൽ തുടരുന്ന കുട്ടിയെ കുറിച്ച് വയനാട്ടിലെ ജനപ്രതിനിധികൾ അറിഞ്ഞിട്ടില്ല, എസ്.സി, എസ്.ടി കമ്മീഷൻ ഉൾപ്പെടെയുള്ള അധികാരികൾ അറിഞ്ഞില്ലെന്ന വിമർശനം ശക്തമാണ്. ആക്ടിവിസ്റ്റ് ധന്യരാമൻ സമൂഹിക മാധ്യമങ്ങളിലൂടെ ഈ വിവരം പുറത്ത് എത്തിക്കുകയായിരുന്നു. ഏഴ് പേരാണ് ഈ ക്രൂരതക്ക് പിന്നിലുള്ളതെന്ന് ധന്യരാമൻ എഴുതുന്നു.