കോളേജിൽ നിന്നും സ്കൂളിൽ നിന്നുമൊക്കെ പഠനം പാതിവഴിയിൽ നിർത്തിയിട്ട് പോയാൽ അവരോട് വീട്ടുകാരുടെയും കൂട്ടുകാരുടെയും സമീപനം അത്ര നല്ലതാവണം എന്നില്ല. വളരെ അധികം വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒക്കെ കേൾക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാവണം കോളേജ് പഠന പാതിവഴിയിൽ നിർത്തിയപ്പോൾ ഈ യുവതി അത് വീട്ടുകാർ അറിയാതെയിരിക്കാൻ ഇങ്ങനെ ഒരു കള്ളക്കഥ പറഞ്ഞുണ്ടാക്കിയത്.
എന്തായിരുന്നു ആ കള്ളക്കഥ എന്നോ, തന്നെ തട്ടിക്കൊണ്ടു പോയി എന്ന്. പെൻസിൽവാനിയയിൽ നിന്നുള്ള 23 -കാരിയായ ക്ലോ സ്റ്റെയിൻ എന്ന യുവതിയെയാണ് തട്ടിക്കൊണ്ടു പോകൽ നാടകം ചമച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനോട് ക്ലോ സത്യം സമ്മതിച്ചു. കോളേജ് പഠനം നിർത്തിയത് ആരും അറിയാതിരിക്കാനായിരുന്നു ഇങ്ങനെ ഒരു നാടകം എന്നാണ് യുവതി പറഞ്ഞത്.
മെയ് ഒന്നിനായിരുന്നു യുവതിയെ അവസാനമായി കണ്ടത്. അന്ന് വൈകുന്നേരം യുവതി കാമുകന് ഒരു മെസേജ് അയച്ചിരുന്നു. പിന്നീട് യുവതിയെ ആരും കണ്ടതേയില്ല. കാണാതായതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. യുവതിയെ കാമുകൻ ഒരുപാട് തവണ ഫോണിൽ വിളിച്ചു എങ്കിലും കിട്ടിയില്ല. അതുപോലെ പിന്നീട് അവളുടെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. അതേ തുടർന്നാണ് ബന്ധുക്കൾ അവളെ കാണാതായതായി പരാതി നൽകിയത്.
ഏതായാലും പൊലീസ് അന്വേഷണം കാര്യക്ഷമമായി തന്നെ നടന്നു. അന്വേഷണത്തിനൊടുവിലാണ് യുവതി സുരക്ഷിതമായി ഒരിടത്തുണ്ട് എന്ന് കണ്ടെത്തിയത്. ഒരു കാര്യവുമില്ലാത്ത അന്വേഷണത്തിന് വേണ്ടി ഒരുപാട് തുക തങ്ങൾ ചെലവഴിച്ചു എന്ന് പൊലീസ് ഡിപാർട്മെന്റ് പിന്നീട് പറഞ്ഞു. തന്നെ ഒരാൾ പൊലീസ് വേഷത്തിൽ തട്ടിക്കൊണ്ടു വന്നു. അയാളുടെ കയ്യിൽ തോക്കുണ്ടായിരുന്നു എന്നൊക്കെയായിരുന്നു ആദ്യം ക്ലോ പറഞ്ഞിരുന്നത്. എന്നാൽ അപ്പോഴേക്കും വിദ്യാർത്ഥിനി ക്ലാസിൽ വരാറില്ല എന്ന് കോളേജ് അധികൃതർ പറഞ്ഞിരുന്നു. ക്ലോയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ അവൾ തന്നെ എല്ലാ സത്യങ്ങളും പൊലീസിനോട് പറയുകയായിരുന്നു.
എന്നാലും കോളേജിൽ പോകാതിരിക്കുന്ന കാര്യം പുറത്തറിയാൻ വേണ്ടി യുവതി നാടകം കളിച്ചെങ്കിലും ഇന്ന് നാട്ടുകാരും വീട്ടുകാരും എല്ലാം അത് അറിഞ്ഞിരിക്കുകയാണ്.