പാരീസ്: മികച്ച കായികതാരത്തിനുള്ള 2023ലെ ലോറസ് പുരസ്കാരം സൂപ്പർതാരം ലിയോണൽ മെസിക്ക്. ലോകകപ്പ് സ്വന്തമാക്കിയ അർജന്‍റീന ടീം മികച്ച ടീമിനുള്ള പുരസ്കാരവും സ്വന്തമാക്കി. വനിതാ താരത്തിനുള്ള പുരസ്കാരം ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസറിനാണ്. ഫിഫ പുരസ്കാരത്തിലെന്നതുപോലെ ലോറസ് വേദിയിലും തിളങ്ങിയത് അർജന്‍റീന തന്നെയായിരുന്നു.
രണ്ടാം തവണയാണ് മെസി ലോറസ് പുരസ്കാരം നേടുന്നത്. പിഎസ്‌ജിയിലെ സഹതാരം കിലിയൻ എംബപ്പെ, ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ,ഫോർമുല വൺ ചാംപ്യൻ മാക്സ് വെഴ്സ്റ്റപ്പൻ, എൻബിഎ താരം സ്റ്റീഫ് കറി, പോൾവോൾട്ട് വിസ്മയം മോൺടോ ഡുപ്ലാന്‍റിസ് തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മെസ്സി നേട്ടത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഏഴ് ഗോള്‍ നേടി ടീമിന്‍റെ ടോപ് സ്കോററായ മെസി ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീനക്ക് ലോകകപ്പ് സമ്മാനിച്ചിരുന്നു. 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു അര്‍ജന്‍റീന ലോകകപ്പില്‍ കിരീടം നേടുന്നത്. കായികരംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം നേടുന്ന ഏക ഫുട്ബോൾ താരവും മെസി മാത്രമാണ്. 2020ലും മെസി മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം നേടിയിരുന്നു. അന്ന് വോട്ടെടുപ്പില്‍ മെസിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തിയ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണൊപ്പം മെസി പുരസ്കാരം പങ്കിടുകയായിരുന്നു.