കമ്പനി അവിടുത്തെ ജീവനക്കാർക്ക് വേണ്ടി പാർട്ടി നടത്തുന്നത് ഒരു സന്തോഷമുള്ള കാര്യമാണ് അല്ലേ? അത് ഇഷ്ടപ്പെടാത്ത ജീവനക്കാർ കുറവായിരിക്കും. എന്നാൽ, ആ പാർട്ടി കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇനി നിങ്ങളിവിടെ ജോലിക്ക് വരേണ്ട, നിങ്ങളെ പിരിച്ചു വിട്ടിരിക്കുന്നു ആ പൊക്കോ എന്ന് പറഞ്ഞാൽ എന്താവും അവസ്ഥ? അതുപോലെ ഒരു അവസ്ഥ വന്നിരിക്കുകയാണ് യുഎസ്സിലെ ഒരു കമ്പനിയിലുള്ള ജോലിക്കാർക്കും.
Bishop Fox എന്ന യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇപ്പോൾ പാർട്ടിക്ക് ശേഷം ജീവനക്കാരെ പിരിച്ചു വിട്ടതിന്റെ പേരിൽ വാർത്തയായിരിക്കുന്നത്. കമ്പനിയിൽ നിന്നും 13 ശതമാനം പേരെയാണ് ഇപ്പോൾ പിരിച്ചു വിട്ടിരിക്കുന്നത്. അമ്പതോളം പേർക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് മുമ്പായി കമ്പനി സംഘടിപ്പിച്ച പാർട്ടിയിൽ ജീവനക്കാരടക്കം നിരവധിപ്പേരാണ് പങ്കെടുത്തത്.
മദ്യവും ഭക്ഷണവും അടക്കം ആഡംബര പാർട്ടിയായിരുന്നു നടന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പിന്നാലെ തന്നെ ഇത്രയധികം പേരെ കമ്പനി പിരിച്ചു വിട്ടത് വലിയ ഞെട്ടലാണ് ജീവനക്കാരുടെ ഇടയിൽ ഉണ്ടാക്കിയത്. പലരും ഇതേ കുറിച്ചുള്ള നിരാശയും വേദനയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
എന്നാൽ, എത്ര തുകയാണ് പാർട്ടിക്ക് വേണ്ടി കമ്പനി ചെലവഴിച്ചത് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതുപോലെ തന്നെ ആരെയൊക്കെയാണ് പിരിച്ചു വിട്ടത് എന്നതും വ്യക്തമല്ല. കമ്പനിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനാണ് പിരിച്ചു വിട്ടത് എന്നതാണ് വിവരം. എന്നാൽ, വൻ തുക ചെലവഴിച്ച് പാർട്ടി സംഘടിപ്പിക്കുകയും അതേ സമയം തന്നെ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് ഇത്രയധികം ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്ത സംഭവത്തിൽ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.