കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഇടപെടലുമായി ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു. കോടതി അൽപസമയത്തിനകം കേസ് സ്വമേധയാ പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു. ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല, നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ആരാഞ്ഞു.