ന്യൂഡൽഹി > കർണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ മുസ്ലീം സംവരണത്തെപ്പറ്റി അമിത് ഷാ നടത്തിയ പരാമർശത്തെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രസ്‌താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. പൊതുപ്രവർത്തകർക്ക് ഈ രീതി ഉചിതമല്ലെന്നും വിഷയത്തെ രാഷ്‌ട്രീയവൽക്കരിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കർണാടകയിൽ മുസ്ലീം സംവരണം നിർത്തലാക്കിയതിനെ അനുകൂലിച്ച് അമിത് ഷാ പ്രസ്‌താവന നടത്തിയിരുന്നു. ഈ തീരുമാനത്തിന്റെ സ്റ്റേ ഇന്ന് അവസാനിക്കും. കേസ് വീണ്ടും പരിഗണനയിൽ വന്നപ്പോഴാണ് അമിത് ഷാ കോടതിയലക്ഷ്യം നടത്തിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. ഇതിൻമേലായിരുന്നു കോടതിയുടെ വിമർശനം.