സോഷ്യൽ മീഡിയയിൽ തരംഗമായ ശേഷം ഏറെ ആരാധകരെ സ്വന്തമാക്കി സെലിബ്രേറ്റിയായി വളർന്ന താരമാണ് ഹസ്ബുള്ള മഗോമെഡോവ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര രസമുള്ളതല്ല. വലിയ ആരാധകരുള്ള ഹസ്ബുള്ള അറസ്റ്റിലായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘ഏത് സെലിബ്രേറ്റിയായാലും നിയമം എല്ലാവർക്കും ബാധകമാണല്ലോ’, നടു റോഡിൽ അഭ്യാസ പ്രകടനം നടത്തി ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ, ഹസ്ബുള്ള നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ട്രാഫിക് നിയമലംഘനത്തിന് ഡാഗെസ്താനിൽ അറസ്റ്റിലായിരിക്കുന്നത്. ഒരു സുഹൃത്തിന്റെ വിവാഹ ആഘോഷമാണ് ഹസ്ബുള്ളക്കും കൂട്ടൂകാർക്കും പണികൊടുത്തത്. സംഭവത്തിന്റേതെന്ന് അവകാശപ്പെട്ട് പുറത്തുവന്ന വീഡിയോയിൽ ഹസ്ബുള്ളയും സുഹൃത്തുക്കളും കാറുകൾ റോഡിൽ ഡ്രിഫ്റ്റ് ചെയ്യുകയും വട്ടം കറക്കുകയും മറ്റുള്ള വാഹനങ്ങളെ തടയുകയും ചെയ്യുന്നുണ്ട്.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ റഷ്യൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കസ്റ്റഡിയിലെടുത്ത ഹസ്ബുള്ളയ്ക്കും കൂട്ടുകാർക്കുമെതിരെ ട്രാഫിക് നിയമലംഘന കുറ്റങ്ങൾ ചുമത്തിയെന്ന് റിപ്പോർട്ട് പറയുന്നു. നിയമലംഘനം നടത്തിയവരെ കസ്റ്റഡിയിലെടുത്തുവെന്നും കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡാഗെസ്താൻ അധികൃതർ പ്രസ്താവനയിൽ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയ കുഞ്ഞുകുട്ടിയെന്ന പേരിലാണ് ഹസ്ബുള്ള ആദ്യം ശ്രദ്ധ നേടുന്നത്. റെസ്ലിങ് താരങ്ങളെ അടക്കം വെല്ലുവിളിക്കുന്ന കുട്ടിത്തം നിറഞ്ഞ മുഖം വളരെ പെട്ടെന്ന് സ്വീകാര്യത നേടി. പ്രമുഖ താരങ്ങളെ പോലും വെല്ലുവിളിച്ചും അക്രമോത്സുകമായ വീഡിയോകൾ പങ്കുവച്ചും ഹസ്ബുള്ള താരമായി. എന്നാൽ വൈകാതെ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു.
കൊവിഡ് സമയത്ത് വൈറലായ വീഡിയോയിലെ കുട്ടിത്താരമെന്ന് കരുതിയവർക്കെല്ലാം തെറ്റി. അന്ന് 19 വയസുണ്ടായിരുന്നു ഹസ്ബുള്ളക്ക്. ഇപ്പോൾ 21-ാം പിറന്നാൾ ആഘോഷിക്കാനിരിക്കുകയാണ് ഹസ്ബുള്ള. ജനിതക വൈകല്യം മൂലം വളർച്ച സാധ്യമാകാത്തതാണ് ഹസ്ബുള്ളയ്ക്ക് സംഭവിച്ചത്. ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഹോർമോൺ ഉത്പാദിപ്പിക്കാൻ ശരീരത്തിന് കഴിവില്ല. എന്നിരുന്നാലും, പലരും ഇപ്പോഴും അവൻ ഒരു ചെറിയ കുട്ടിയാണെന്ന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്.