തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കെ സുധാകരൻ പോലീസിൽ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെപിസിസി പ്രസിഡന്റിന്റെ അറിവോടെ നടന്ന കൊലപാതകമാണ് ധീരജിന്റേതെന്ന് സുധാകരൻ തന്നെയാണ് പറയുന്നത്. ഇരന്ന് വാങ്ങിയ കൊലപാതകമെന്നും സുധാകരൻ പറയുന്നു. ആ സ്ഥിതിക്ക് പോലീസിൽ കീഴടങ്ങാൻ സുധാകരൻ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കൊലക്ക് പകരം കൊലയെന്ന നയമല്ല സിപിഎമ്മിന്റേത്. കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നതാണ് സിപിഎം രീതി. അക്രമങ്ങളിൽ സിപിഎം പ്രവർത്തകർ പങ്കാളിയാകരുത്. കേരളത്തിന്റെ ക്രമസമാധാനം തകരുന്നു എന്ന് പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെന്നും കോടിയേരി കുറ്റപ്പെടുത്തി. കേഡർ പാർട്ടി എന്നാൽ മനുഷ്യരെ കൊന്നു തള്ളൽ അല്ലെന്ന് കോൺഗ്രസ് മനസിലാക്കണം. കൊന്നു തള്ളിയാലും സി പി എം തകരില്ലെന്നും കോടിയേരി പറഞ്ഞു. തൃശ്യൂർ പാർട്ടി സമ്മേളത്തിൽ വിർച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.