തമിഴ്‌നാട്ടിലെ എം കെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. ക്ഷീര വകുപ്പ് മന്ത്രി സ്ഥാനത്തുനിന്ന് ആവടി എം നാസറിനെ നീക്കി. പകരം ടി ആര്‍ ബി രാജയെ ക്ഷീരവകുപ്പ് ഏല്‍പ്പിക്കാനാണ് തീരുമാനമായത്. ഡി എം കെ ട്രഷറര്‍ ടി ആര്‍ ബാലുവിന്റെ മകനാണ് ടി ആര്‍ ബി രാജ. വ്യാഴാഴ്ചയാണ് അദ്ദേഹം മന്ത്രിയായി ചുമതല ഏല്‍ക്കുക. ആവടി എം നാസറിനെ മന്ത്രിസഭയില്‍ നിന്ന് നീക്കുമെന്ന് കുറച്ചുദിവസങ്ങളായി വാര്‍ത്ത വന്നെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ഒരു പൊതുപരിപാടിക്കിടെ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് തന്നെ നേരെ ആവടി എം നാസര്‍ ഒരു കല്ല് എറിയാനോങ്ങി നില്‍ക്കുന്ന ഒരു ചിത്രവും വിഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാലിന് ജിഎസ്ടി ഏര്‍പ്പെടുത്തിയത് പാലിന്റെ വില കുത്തനെ കൂടാന്‍ ഇടയാക്കി എന്ന നാസറിന്റെ പ്രസ്താവനയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 2011ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആവടി മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്ന ആവടി നാസര്‍ തിരുവള്ളൂര്‍ സൗത്ത് ജില്ലാ സെക്രട്ടറി കൂടിയാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ എഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാഫ പാണ്ഡ്യരാജനോട് നാസര്‍ പരാജയപ്പെട്ടിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ഇതേ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് നാസര്‍ നിയമസഭയിലെത്തിയത്.