മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ബോട്ട് ഡ്രൈവർ ദിനേശൻ പൊലീസിന്‍റെ പിടിയിൽ. താനൂരിൽ വെച്ചാണ് ദിനേശന്‍ പൊലീസിന്‍റെ പിടിയിലായായത്. ബോട്ടുമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പൊലീസ് അപേക്ഷ നൽകും.
അതേസമയം, താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.
മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റങ്ങൾ പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന ദിവസത്തിന് മുമ്പ് ബോട്ടിൽ ജോലി ചെയ്ത മുഴുവൻ പേരെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഉദ്യോഗസ്ഥ തലത്തിൽ എന്തൊക്കെ തരത്തിലുള്ള സഹായങ്ങൾ ലഭിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരണം. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അടുത്ത ദിവസം അപേക്ഷ നൽകും. നാസറിന് ഒളിവിൽ പോകാൻ കൂടുതൽ പേർ സഹായിച്ചു എന്നാണ് ലഭിച്ച സൂചന. ഒളിവിൽ പോകാൻ സഹായം നൽകിയ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.