തിരുവനന്തപുരം : ഇരുപത്തിമൂന്ന് വയസ്സുകാരിയായ വനിതാ ഡോക്ടർ വന്ദന ദാസ് വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായ അക്രമം മൂലം കൊല്ലപ്പെട്ടത് ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത അനാസ്ഥയുടെ ഭാഗമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ.
ഒറ്റപ്പെട്ട സംഭവം എന്ന മറുപടി അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് നോക്ക് കുത്തിയായി മാറുകയാണ്. ആക്രമി അഴിഞ്ഞാടിയത് പോലീസിന്റെ സാന്നിധ്യത്തിലാണ് എന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയാണ്.
ക്രിമിനൽ കുറ്റവാളിയെ വിലങ്ങില്ലാതെ കൊണ്ടുവന്നതും ,അക്രമാസക്തമായിട്ടും പ്രതിയെ തടയാനാകാതെ പോലീസുകാർ നോക്കി നിന്നതിൻ്റെയും ഭാഗമായിട്ടാണ് ഒരുപാവം പെൺകുട്ടിയുടെ ദാരുണാന്ത്യം സംഭവിച്ചത്.പൗരനെ സസൂഷ്മം നിരീക്ഷിച്ചു പിഴ ചുമത്തുന്ന ആഭ്യന്തരവകുപ്പിന്റെ ക്യാമറ കണ്ണുകൾ ക്രമസമാധാന പാലകർക്ക് കൂടി നേരെ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഈ ആഭ്യന്തരത്തിനു കീഴിൽ നിഷ്കളങ്കരും നിരാലംബരുമായ മനുഷ്യർ ഇനിയും മരിച്ചുവീഴുമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു മുന്നോട്ടു പോകുമെന്നും സംസ്ഥാന പ്രസിഡൻറ് പ്രസ്താവനയിൽ അറിയിച്ചു.