കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ. വിവിധയിടങ്ങളിൽ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപക പണിമുടക്കിന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) കെ.ജി.എം.ഒ.എയും ആഹ്വാനം ചെയ്തിട്ടുണ്ട്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം കുറുപ്പന്തറ സ്വദേശി വന്ദന ദാസ് (22) ആണ് ഇന്ന് പുലർച്ചെ നാലരയോടെ കൊല്ലപ്പെട്ടത്. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്ക് കുത്തേറ്റിട്ടുണ്ട്. പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റ് ചെയ്തു.
അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുറുപ്പന്തറ പട്ടാളമുക്ക് കാളീപറമ്പിൽ മോഹൻദാസിന്‍റെ ഏക മകളാണ്.