കൊച്ചി∙ ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം, ശേഷി വർധിപ്പിക്കൽ, പ്രചാരണം എന്നിവയിൽ സർക്കാർ നിക്ഷേപം നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിച്ച വെർച്വൽ കെടിഎം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ടൂറിസ്റ്റുകൾക്കു മികച്ച അനുഭവം ലഭിക്കാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം. രാജ്യാന്തര വേദികളിൽ പ്രചാരണവും വിപണനവും നടത്തുന്നതിന് എല്ലാ സഹായവും ചെയ്യും.
ടൂറിസം അഭിവൃദ്ധി വ്യവസായങ്ങൾക്കു മാത്രമല്ല, പ്രദേശവാസികൾക്കു കൂടി ലഭിക്കുമെന്ന് ഉറപ്പു വരുത്തും. ഉത്തരവാദിത്ത ടൂറിസം കൂടുതൽ വിപുലമാക്കണമെന്നും മന്ത്രി പറഞ്ഞു. ഹോംസ്റ്റേ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെയുള്ള പങ്കാളികൾക്കു തുല്യമായ അവസരം ഉറപ്പാക്കുകയാണ് വെർച്വൽ കെടിഎം ചെയ്യുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ ചൂണ്ടിക്കാട്ടി. കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളെയും സർക്കാർ പിന്തുണയ്ക്കും. വ്യവസായ നയത്തിലെ മുൻഗണനാ മേഖലകളിൽ ടൂറിസത്തെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
സുഗമമായ സ്വകാര്യ നിക്ഷേപത്തിന് ഇതു സഹായകമാവും. ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ പി.ബി.നൂഹ്, കെടിഎം പ്രസിഡന്റ് ബേബി മാത്യു,സെക്രട്ടറി ജോസ് പ്രദീപ് പ്രസംഗിച്ചു. 120 വിദേശ ബയർമാരും 395 ആഭ്യന്തര ബയർമാരുമാണ് വെർച്വൽ കെടിഎമ്മിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ സംസ്ഥാനത്തു നിന്നുള്ള 245 ടൂറിസം സംരംഭകരുമായി വെർച്വൽ കൂടിക്കാഴ്ചകൾ നടത്തും.