ബെംഗളൂരു> കർണാടകത്തിൽ ബിജെപി വീഴുമെന്ന് സൂചന നൽകി എക്‌സിറ്റ് പോളുകൾ. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നും കോൺഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നുമാണ് എക്‌സിറ്റ് പോൾ ഫലം. റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 94 മുതൽ 108 സീറ്റു വരെ ലഭിക്കും. ബിജെപിക്ക് 85 മുതൽ 100 സീറ്റുകൾ വരെയാണ് പ്രവചനം. ജെഡിഎസ് 24–32 സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പറയുന്നു. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
കോൺഗ്രസ് 118 വരെ സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് മെട്രിക്സ് സർവ്വേ പ്രവചനം. ജനതാദൾ സെക്കുലർ 25 മുതൽ 33 വരെ സീറ്റും നേടും. ബിജെപിയുടെ സീറ്റ് നില 79 മുതൽ 94 വരെ ആയിരിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. ടിവി 9 പോൾസ്റ്റാർട്ട് സർവ്വേ കോൺഗ്രസിന് 99 മുതൽ 109 വരെ സീറ്റും ജെഡിഎസിന് 21 മുതൽ 26 വരെ സീറ്റും ബിജെപിക്ക് 88 മുതൽ 98 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
സുവർണ ജൻകിബാത് സർവ്വേ ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നുണ്ട്. 94 മുതൽ 117 വരെ സീറ്റ് ബിജെപി നേടുമെന്നാണ് സുവർണ ജൻകിബാത്തിന്റെ പ്രവചനം. കോൺഗ്രസിന് 91 മുതൽ 106 വരെ സീറ്റും ജെഡിഎസിന് 14 മുതൽ 24 വരെ സീറ്റും സുവർണ സർവ്വേ നൽകുന്നു.