ന്യൂഡൽഹി> കൗമാരപ്രണയങ്ങൾ തടയാൻ കോടതിക്ക് കഴിയില്ലെന്നും അത്തരം കേസുകളിൽ ജാമ്യം അനുവദിക്കുമ്പോഴും നിരസിക്കുമ്പോഴും കോടതികൾ ജാഗ്രത പുലർത്തണമെന്ന് ഡൽഹി ഹൈക്കോടതി. ‘‘കൗമാരക്കാലത്തെ പ്രണയബന്ധങ്ങൾ തടയാൻ കോടതിക്ക് കഴിയില്ല. കുട്ടികൾ സിനിമകളിലെയും നോവലുകളിലെയും പ്രണയബന്ധങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്നത് തടയുക പ്രയാസമാണ്. അവർക്ക് പ്രായപൂർത്തി നിയമത്തെ കുറിച്ച് കാര്യമായ ധാരണയില്ല. ഈ സാഹചര്യത്തിൽ, ഒരോ കേസുകളുടെയും പശ്‌ചാത്തലം സൂക്ഷ്‌മമായി പരിശോധിച്ച ശേഷമാണ് ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കേണ്ടത്’’- ജസ്‌റ്റിസ് സ്വർണകാന്തശർമ നിരീക്ഷിച്ചു.
കൗമാരപ്രണയബന്ധങ്ങളുടെ പേരിൽ നിരവധി ആൺകുട്ടികളും പെൺകുട്ടികളും ജയിലുകളിലും ബാലമന്ദിരങ്ങളിലും മറ്റും കഴിയുന്ന സാഹചര്യം ഉണ്ടെന്നും ജഡ്‌ജി ചൂണ്ടിക്കാണിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോക്‌സോ ചുമത്തപ്പെട്ട 19കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ശ്രദ്ധേയനിരീക്ഷണങ്ങൾ നടത്തിയത്. കൗമാരപ്രണയബന്ധങ്ങളുടെ പേരിൽ പോക്‌സോ ചുമത്തുന്ന നടപടി ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്‌മീത്‌സിങ്ങ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
‘17 വയസുള്ള പെൺകുട്ടിയും 20 വയസുള്ള ആൺകുട്ടിയും തമ്മിൽ പ്രണയത്തിലായി. 17കാരിക്ക് നിയമപ്രകാരം ബന്ധത്തിന് അനുമതി നൽകാനുള്ള അവകാശമില്ല. പ്രണയബന്ധങ്ങളെ കുറ്റകൃത്യമാക്കുന്ന പ്രവണത ചർച്ച ചെയ്യപ്പെടേണ്ടതാണ്’- ജഡ്‌ജി ഡൽഹി ബാലാവകാശ കമീഷൻ സംഘടിപ്പിച്ച സെമിനാറിൽ പറഞ്ഞു.