പലയിടങ്ങളിലും ഒറ്റക്കായിപ്പോകുന്നവരെയും കുടുങ്ങിപ്പോകുന്നവരെയും ഒക്കെ കുറിച്ചുള്ള അനേകം വാർത്തകൾ നാം വായിച്ചിട്ടുണ്ടാകും. അതുപോലെ ഒരു എട്ട് വയസുകാരൻ തനിച്ച് രണ്ട് ദിവസം ഒരു കാട്ടിൽ അകപ്പെട്ട് പോയി. മിഷിഗണിലാണ് സംഭവം നടന്നത്. വെറും മഞ്ഞ് കഴിച്ചാണ് കുട്ടി രണ്ട് ദിവസം അതിജീവിച്ചത്.
പോർക്കുപൈൻ മൗണ്ടൻസ് സ്റ്റേറ്റ് പാർക്കിൽ തന്റെ കുടുംബത്തോടൊപ്പം ക്യാമ്പ് ചെയ്യുന്നതിനിടെ ശനിയാഴ്ചയാണ് നാന്റെ നീമിയെന്ന എട്ട് വയസുകാരനെ കാണാതായത്. തീ കൂട്ടാനുള്ള വിറക് ശേഖരിക്കാൻ പോകുന്നതിനിടയിൽ കുട്ടിക്ക് വഴി തെറ്റുകയും കാട്ടിൽ അകപ്പെടുകയും ചെയ്യുകയായിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ 150 പേരടങ്ങുന്ന സംഘം തിരച്ചിൽ ആരംഭിച്ചു.
പിന്നാലെ, തിങ്കളാഴ്ച കുടുംബം ക്യാമ്പ് ചെയ്ത സ്ഥലത്ത് നിന്നും രണ്ട് മൈൽ അകലെയായി കുട്ടിയെ കണ്ടെത്തി. മരങ്ങൾക്കിടയിൽ മരത്തടിയിലാണ് കുട്ടി അഭയം തേടിയിരുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിയും കണ്ടെത്തുമ്പോൾ നല്ല അവസ്ഥയിൽ തന്നെ ആയിരുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് വേണ്ടി താൻ വൃത്തിയുള്ള മഞ്ഞാണ് കഴിച്ചത് എന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
കുട്ടിയെ കാണാതായത് ഒരു വിദൂരപ്രദേശം ആണെന്നും പല റോഡുകളും ഗതാഗതയോഗ്യമല്ലാത്തതായിരുന്നു എന്നും പൊലീസ് പറഞ്ഞു. 40 സ്ക്വയർ മൈൽ പ്രദേശത്താണ് പ്രധാനമായും പൊലീസ് തെരച്ചിൽ നടത്തിയത്. കണ്ടെത്തി അധികം വൈകാതെ തന്നെ കുട്ടിയെ മാതാപിതാക്കൾക്കൊപ്പമെത്തിച്ചു എന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വിക്ടോറിയയിൽ ഇതുപോലെ ഒരു വിദൂരപ്രദേശത്ത് കുടുങ്ങിപ്പോയ ലിലിയൻ എന്ന 48 -കാരി അഞ്ച് ദിവസം അതിജീവിച്ചത് ഒരു കുപ്പി വൈനും കൊണ്ടായിരുന്നു. അതും വാർത്തയായിരുന്നു. കാർ ചതുപ്പിൽ താണതിനെ തുടർന്നാണ് ഇവർ വഴിയിൽ കുടുങ്ങിപ്പോയത്.