നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ കൃത്യമായി നടന്നുപോകണമെങ്കില്‍ അതിന് സമയാസമയങ്ങളില്‍ ആവശ്യമായി വരുന്ന വിവിധ ഘടകങ്ങള്‍ കൂടി കിട്ടേണ്ടതുണ്ട്.
ഇങ്ങനെ ആവശ്യമായി വരുന്ന ഘടകങ്ങളില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കോ അസുഖങ്ങളിലേക്കോ എല്ലാം നമ്മെ നയിക്കുന്നു. ഇത്തരത്തില്‍ പ്രോട്ടീൻ കുറവായാല്‍ നമ്മെ എന്തെല്ലാം പ്രശ്നങ്ങളാണ് ബാധിക്കുക, അല്ലെങ്കില്‍ പ്രോട്ടീൻ കുറയുമ്പോള്‍ അത് എങ്ങനെയാണ് ശരീരത്തില്‍ പ്രതിഫലിക്കുക- എന്താണ് ഇതിന്‍റെ ലക്ഷണങ്ങള്‍ എന്നാണിനി പങ്കുവയ്ക്കുന്നത്.
മസില്‍ കുറവ്…
മസിലുകളെ പരിപോഷിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പ്രോട്ടീനാണ്. അതിനാല്‍ തന്നെ പ്രോട്ടീൻ കുറയുമ്പോള്‍ അത് മസില്‍ കുറവിലേക്കും നയിക്കും.
നഖങ്ങളും മുടിയും ബാധിക്കപ്പെടുന്നത്…
പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തെ ബാധിക്കാറുണ്ട്. നഖം പൊട്ടുന്നതോ മുടിക്ക് കട്ടി കുറയുന്നതോ മുടിയുടെ നിറം മങ്ങുന്നതോ ചര്‍മ്മത്തില്‍ ചിലയിടങ്ങളില്‍ ചുവന്ന പാട് വരുന്നതോ എല്ലാം പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം.
എല്ല് പൊട്ടാനുള്ള സാധ്യത…
എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ് പ്രോട്ടീൻ. പ്രോട്ടീൻ കുറയുമ്പോള്‍ സ്വാഭാവികയമായും അത് എല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കാം. എല്ലുകള്‍ ദുര്‍ബലമാവുക, തുടര്‍ന്ന് പെട്ടെന്ന് പൊട്ടലുകള്‍ സംഭവിക്കുകയെല്ലാം ഇതുമൂലം ഉണ്ടാകാവുന്നതാണ്.
വിശപ്പ് കൂടുന്നത്…
നമ്മുടെ വിശപ്പിനെ ഒതുക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നത് പ്രോട്ടീൻ ആണ്. അതിനാല്‍ തന്നെ പ്രോട്ടീൻ കുറയുമ്പോള്‍ വിശപ്പ് കൂടാം.
പ്രതിരോധശേഷി കുറയാം…
നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പ്രോട്ടീൻ ആവശ്യമായി വരാറുണ്ട്. അതുകൊണ്ട് തന്നെ പ്രോട്ടീൻ കുറയുമ്പോള്‍ അത് രോഗപ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. ഇതിന്‍റെ ഭാഗമായി പല അണുബാധകളോ രോഗങ്ങളോ എല്ലാം പതിവാകുകയും ചെയ്യാം.