ജയ്പൂർ: ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്‍റെ പദയാത്ര. ട്വിറ്ററില്‍ അചഞ്ചലമായ ധൈര്യത്തോടെ പുറപ്പെടുകയാണെന്ന് കുറിച്ച ശേഷമാണ് മുൻ ഉപമുഖ്യമന്ത്രി യത്ര തുടങ്ങിയത്. സച്ചിനെതിരെ നടപടി വന്നേക്കുമെന്ന സൂചനകള്‍ക്കിടെ ഹൈക്കമാന്‍ഡ് യോഗം നാളെ ചേരാൻ തീരുമാനിച്ചു.സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്‍റെ അഴിമതിയോടുള്ള നിലപാട് തുറന്ന് കാട്ടുക എന്നത ഉദ്ദേശത്തോടെയാണ് സച്ചിന്‍ പൈലറ്റ് യാത്ര തുടങ്ങിയത്. അജ് മീര്‍ നിന്ന് ജയ്പൂര്‍ വരെ അഞ്ച് ദിവസം നീളുന്ന പദയാത്ര ബി ജെ പി നേതാക്കളുടെ അഴിമതികള്‍ക്കെതിരെ കോൺഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയർത്തുന്നത്. യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായെങ്കിലും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സച്ചിന്‍ പൈലറ്റ് പ്രഖ്യാപിച്ചത്. വസുന്ധര രാജെ പരാമര്‍ശത്തില്‍ ഗലോട്ടിനെതിരെ നടപടി സ്വീകരിക്കാത്ത ഹൈക്കമാന്‍ഡ് നിലപാടില്‍ പ്രതിഷേധിച്ച് കൂടിയാണ് രണ്ടും കല്‍പിച്ചുള്ള നീക്കം.
സച്ചിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന സൂചന നേതൃത്വം നല്‍കിയെങ്കിലും രാജസ്ഥാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഹൈക്കമാൻഡ്. അതിനിടയിലാണ് നാളെ യോഗം ചേരാൻ ഹൈക്കമാൻഡ‍് തീരുമാനിച്ചത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഖ് ജിന്ദര്‍ സിംഗ് രണ്‍ധാവയുടെ റിപ്പോര്‍ട്ട് നാളെ ചേരുന്ന യോഗം പരിശോധിക്കും. നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതിലും ഹൈക്കമാന്‍ഡില്‍ രണ്ടഭിപ്രായമുണ്ട്.
അതേസമയം പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്ത് പോകില്ലെന്ന് സച്ചിന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഗലോട്ടിനും, എം എല്‍ എമാര്‍ക്കും പരസ്പര വിശ്വാസമില്ലെന്ന സച്ചിന്‍റെ വിമര്‍ശനം രാജസ്ഥാനിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഏറ്റെടുത്തതിനെയും ഏറെ കൗതുകത്തോടെയാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സച്ചിനെ ബി ജെ പി ക്യാമ്പിലെത്തിക്കാനുള്ള നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.