തിരുവനന്തപുരം: ഡോ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസ് സർജന്മാർ നടത്തിവന്ന സമരത്തിലും മാറ്റം. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്കരണം ഹൗസ് സർജന്മാർ പിൻവലിച്ചു. ഇന്ന് രാത്രി എട്ട് മുതൽ ജോലിക്ക് കയറാനാണ് തീരുമാനം. മറ്റ് വിഭാഗങ്ങളിലെ സമരവുമായി ബന്ധപ്പെട്ട് തീരുമാനം രാത്രിയോടെ കൈക്കൊള്ളുമെന്ന് ഹൗസ് സർജന്മാർ അറിയിച്ചു.
നേരത്തെ പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ജോലിയിൽ തിരികെ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ ഒപി ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്നത്. ഈ സമരവും പിൻവലിക്കണോയെന്നത് യോഗം ചേർന്ന് തീരുമാനിക്കാനാണ് സമരക്കാരുടെ തീരുമാനം.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി വീണാ ജോർജ്ജുമായി പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ചർച്ച നടത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജന്മാരെ നിയമിക്കൂവെന്ന ഉറപ്പും മന്ത്രിയിൽ നൽകി. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിൻവലിക്കാൻ ഇരു വിഭാഗവും തീരുമാനിച്ചത്. കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.