ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് മുൻ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ അർധരാത്രി വരെയാണ് നിരോധനാജ്ഞ. ഈ സമയം മദ്യശാലകൾ അടച്ചിടണമെന്നാണ് നിർദേശം. റസ്റ്ററന്റുകളിൽ മദ്യമൊഴികെയുള്ളവ വിളമ്പാം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബംഗളൂരു നഗരത്തിൽ സി.ആർ.പി.എഫ്, ബി.എസ്.എഫ്, കെ.എസ്.ആർ.പി, ലോക്കൽ പൊലീസ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും രണ്ടു ഡി.സി.പിമാർ വീതം സുരക്ഷ മേൽനോട്ടം വഹിക്കും. തെരഞ്ഞെടുപ്പ് കമീഷന്റ വെബ്സൈറ്റിൽ ലൈവ് വെബ്കാസ്റ്റ് ഉണ്ടാകും. വോട്ടെണ്ണലിന് 4000 ഉദ്യോഗസ്ഥർ നേതൃത്വം നൽകും. പാരാമിലിറ്ററി സേനയടക്കം ഓരോ കേന്ദ്രത്തിലും മൂന്നുഘട്ട സുരക്ഷാ ജീവനക്കാരെയാണ് നിയോഗിക്കുക.
ബംഗളൂരു നഗരത്തിൽ അഞ്ചിടങ്ങളിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ തുഷാർ ഗിരിനാഥ് അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ 14 നിരീക്ഷകർ ബംഗളൂരുവിൽ എത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിനത്തില്‍ സ്ഥാനാർഥിയുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം സ്ട്രോങ് റൂം തുറന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരും. വോട്ടെണ്ണല്‍ ദിനത്തില്‍ കണ്‍ട്രോള്‍ യൂണിറ്റ്, സീലുകള്‍, കൺട്രോൾ യൂനിറ്റിന്റെ സീരിയല്‍ നമ്പര്‍ എന്നിവ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് ഏജന്‍റ് പരിശോധിക്കും.