മസകത്ത്: ഗതാഗതം, ലോജിസ്റ്റിക്സ് മേഖലകളുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും ഔദ്യോഗിക ചർച്ചകൾ നടത്തി. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സഈദ് ഹമൂദ് അൽ മവാലി, ഇറാൻ റോഡ് ആൻഡ് നഗരവികസന മന്ത്രി മെഹർദാദ് ബസർപാഷ് എന്നവരുടെ നേതൃത്വത്തിലായിരുന്നു തെഹ്റാനിൽ ചർച്ചകൾ നടത്തിയത്.
ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും ഗതാഗതം, ലോജിസ്റ്റിക്സ്, വ്യോമയാനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച നടത്തുകയും ചെയ്തു.
സമുദ്ര, വ്യോമ ഗതാഗത മേഖലകളിലും ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട മേഖലകളിലും ലഭ്യമായ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളെയും കൂടുതൽ ഷിപ്പിങ് ലൈനുകളുമായി ബന്ധിപ്പിക്കുന്നതിനൊപ്പം നിക്ഷേപത്തിനും ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന് ഒമാൻ, ഇറാൻ തുറമുഖങ്ങൾ തമ്മിലുള്ള സംയോജനത്തിന്റെ ആവശ്യകതയും ചൂണ്ടികാട്ടി. യോഗത്തിൽ ഇരു വിഭാഗത്തുനിന്നുമായി നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.