നെടുമ്പാശേരി: വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കൊച്ചി വിമാനത്താവളത്തിനെതിരെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി. 16000 രൂപ നഷ്ട പരിഹാരം നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. എട്ട് വര്‍ഷം മുമ്പുള്ള കേസിലാണ് സംഭവം.
കൊച്ചി വെണ്ണല സ്വദേശി ടി ജി എന്‍ കുമാറിന്‍റെ പരാതിയിലാണ് നടപടി. 2015ല്‍ കൊച്ചി വിമാനത്താവളത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. കൊച്ചി വിമാനത്താവളത്തില്‍ അന്ന് ടെര്‍മിനല്‍ സൌകര്യം ലഭ്യമായിരുന്നില്ല. കോഴിക്കോട് നിന്നുള്ള വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച് വിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ടുണ്ടായെന്നും കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഉത്തരവ് സംബന്ധിയായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിയാല്‍ അധികൃതര്‍ വിശദമാക്കുന്നത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അപ്പീല്‍ പോകുമെന്നും അധികൃതര്‍ വിശദമാക്കി. ടെര്‍മിനല്‍ ഇല്ലാതിരുന്ന കാലത്താണ് സംഭവമുണ്ടായത്. ഇന്ന് ഇത്തരം പോരായ്മകള്‍ സിയാല്‍ വിമാനത്താവളത്തില്‍ ഇല്ലന്നും വിമാനത്താവള അധികൃതര്‍ വിശദമാക്കി.
നേരത്തെ ഹോട്ടലിന്‍റെ വീഴ്ചയില്‍ 2021ലെ തിരുവോണ നാള്‍ അലങ്കോലമായ വീട്ടമ്മയ്ക്ക് നഷ്ടുപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചിരുന്നു. അഞ്ച് പേര്‍ക്കുള്ള സ്പെഷ്യല്‍ സദ്യ ഓര്‍ഡര്‍ ചെയ്ത് പണവും നല്‍കി കാത്തിരുന്ന് ലഭിക്കാതെ വന്ന വീട്ടമ്മയ്ക്ക് അനുകൂല തീരുമാനമാനമാണ് കോടതി സ്വീകരിച്ചത്. വൈറ്റില സ്വദേശിനിയായ വീട്ടമ്മ ബിന്ധ്യയ്ക്ക് 40000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കൊച്ചിയിലെ പ്രമുഖ ഹോട്ടലിന് നിര്‍ദ്ദേശം നല്‍കിയത്.