മംഗളൂരു: മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും കോൺഗ്രസിന്റെ വിജയക്കൊടി പാറിച്ച് മലയാളി കൂടിയായ യു.ടി ഖാദർ ഫരീദ്. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർഥിയായ ബി.ജെ.പിയിലെ സതീഷ് കുമ്പളക്ക് 24433 വോട്ടുകൾ മാത്രമാണ് നേടാനായത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം.എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്, എ.എ.പിയുടെ മുഹമ്മദ് അഷ്റഫ് എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ഇതിൽ എസ്.ഡി.പി.ഐക്ക് 8996 വോട്ടും ആപ്പിന് 157 വോട്ടും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.മംഗളൂരു മണ്ഡലത്തിൽ നിന്ന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യു.ടി ഖാദർ തീരദേശ കർണാടക മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും നേതാവുമാണ്.
‘വോട്ടെണ്ണലിൽ മുന്നിട്ട് നിന്നവരൊക്കെ പിന്നിൽ എത്തിയിട്ടില്ലേ?’; തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് വി. മുരളീധരൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിൽ മുന്നിട്ട് നിന്നവരൊക്കെ പിന്നിൽ എത്തിയിട്ടില്ലേ എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പിന്‍റെ ഒരു ഫലവും പുറത്തുവന്നിട്ടില്ല. വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകളാണ് പുറത്തുവരുന്നത്. പല തെരഞ്ഞെടുപ്പുകളിലും ആദ്യം മുന്നിൽ നിന്ന ആളുകൾ പിന്നീട് പിന്നിലാകുന്നത് കഴിഞ്ഞ കാലങ്ങളിൽ കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കർണാടകയിലെ ബി.ജെ.പി ഘടകം പ്രതികരിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.
മോദി എന്ന മാജിക് കൊണ്ട് രക്ഷപ്പെടാനാവില്ലെന്ന് വ്യക്തമായെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: കർണാടകയിൽ ബി.ജെ.പി തകർന്നടിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മോദി എന്ന മാജിക് കൊണ്ടു മാത്രം രക്ഷപ്പെടാൻ കഴിയില്ലെന്ന് വ്യക്തമായി. കോൺഗ്രസിന്‍റെ കൗഡ്ര് പുള്ളർ രാഹുൽ ഗാന്ധി തന്നെ. ബി.ജെ.പിയെ നേരിടാൻ കരുത്തുള്ളത് ഇപ്പോഴും കോൺഗ്രസിനെന്ന് തെളിഞ്ഞതായും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.