ദില്ലി: വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം അപ്രതീക്ഷിതമായി ഒഴിഞ്ഞതിന്‍റെ കാരണം തിരയുകയാണ് എല്ലാവരും. വൈറ്റ് ബോള്‍ നായകസ്ഥാനം നേരത്തെ കൈവിട്ടുവെങ്കിലും ടെസ്റ്റില്‍ കിംഗ് കോലി തന്നെ ഇന്ത്യയെ നയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നത്. ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും ബിസിസിഐയുമായുള്ള പോരുമടക്കം പല കാരണങ്ങള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം അതുല്‍ വാസന്‍. ബാറ്റിംഗില്‍ പിന്നോട്ടുപോയതാണ് ക്യാപ്റ്റന്‍സി കൈമാറുന്നതിലേക്ക് കോലിയെ എത്തിച്ചത് എന്നാണ് അതുല്‍ വാസന്‍ പറയുന്നത്. ഒന്നും എന്നെ ഞെട്ടിച്ചിട്ടില്ല. ഓസ്ട്രേലിയയില്‍ പരമ്പര മധ്യേ എം എസ് ധോണി നായകസ്ഥാനം രാജിവച്ചത് അമ്പരപ്പിച്ചിരുന്നു. ടി20 ലോകകപ്പിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളിലെ സംഭവവികാസങ്ങള്‍ കോലിയെ സമ്മർദത്തിലാക്കിയിരിക്കണം.
കോലിക്ക് ഏറെ റണ്‍സ് കണ്ടെത്താനാവുന്നില്ല. ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്ന നായകനായിരുന്ന കോലി പിന്നീട് ബാറ്റിംഗില്‍ പിന്നോട്ടുപോയി. എല്ലാ താരങ്ങളും ഈ പ്രതിസന്ധിയിലൂടെ കടന്നുപോകും. മാത്രമല്ല കോലി മൂന്ന് ഫോർമാറ്റിലും ടീമിനെ നയിക്കുകയുമായിരുന്നു. ടി20 നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം ശരിയായിരുന്നു. എന്നാല്‍ ബിസിസിഐ ഏകദിനത്തില്‍ നിന്ന് മാറ്റുമെന്ന് കരുതിയിരുന്നില്ല. ലോകകപ്പ് ജയിക്കുകയായിരുന്നു കോലിയുടെ ലക്ഷ്യം. കോലിയുടെ റെക്കോർഡ് ബുക്കിലെ നഷ്ടവുമാണത്.