തിരുവനന്തപുരം: ഏപ്രിൽ 29, മേയ് 13 തീയതികളിൽ നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരവുമായി പി.എസ്.സി. മതിയായ കാരണങ്ങളുള്ളവർക്കാണ് വീണ്ടും അവസരം ലഭിക്കുക. രണ്ട് ദിവസങ്ങളിലും അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷക്ക് ഹാജരായവർ അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നത്) ഹാജരാക്കുന്ന മുറക്ക് വീണ്ടും അവസരം നൽകും.
അപകടം പറ്റി ചികിത്സയിലുള്ളവർ/അസുഖബാധിതർ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിൽ) ഹാജരാക്കണം. പ്രസവ സംബന്ധമായ അസുഖമുള്ളവർ, പരീക്ഷയോടടുത്ത ദിവസങ്ങളിൽ പ്രസവ തീയതി വരുന്നവർ, പരീക്ഷ ദിവസങ്ങളിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ, പരീക്ഷ ദിവസം സ്വന്തം വിവാഹം നടന്നവർ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണമായുള്ളവർ രേഖകൾ സഹിതം അപേക്ഷിച്ചാൽ മേയ് 27ന് നടക്കുന്ന മൂന്നാംഘട്ട പരീക്ഷയോടൊപ്പം എഴുതാൻ അവസരം നൽകും.