തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനസംഘടനയ്ക്കുള്ള മാർഗ്ഗനിർദേശങ്ങളിൽ ആശങ്കയോടെ സംസ്ഥാന നേതാക്കൾ. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന മൂന്നു പേരിൽനിന്ന് അഭിമുഖത്തിലൂടെയാകും പ്രസിഡണ്ടിനെ തീരുമാനിക്കുക എന്ന ചട്ടമാണ് അതൃപ്തിക്ക് കാരണം. പെട്ടെന്നുള്ള തീയതി പ്രഖ്യാപനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി അറിയിച്ചിട്ടുണ്ട്.
സമവായ നീക്കത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന നേതൃത്വവും കെപിസിസിയും. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. കൂടുതൽ വോട്ട് കിട്ടുന്നയാൾ പ്രസിഡണ്ട് ആകുന്ന പതിവ് രീതിക്ക് ഇക്കുറി മാറ്റവുമുണ്ട്. ആദ്യ മൂന്നു സ്ഥാനക്കാരെ അഭിമുഖം നടത്തി അതിൽ നിന്ന് പ്രസിഡന്റിനെ കണ്ടെത്തുന്നതാണ് പുതിയ മാർഗനിർദ്ദേശം. പ്രധാന ഗ്രൂപ്പുകളുടെ നോമിനികളെ മറികടന്ന് മറ്റാർക്ക് വേണമെങ്കിലും അധ്യക്ഷനാകാം എന്നത് ഗ്രൂപ്പുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ മാസം 23 മുതൽ തൃശ്ശൂരിൽ സംസ്ഥാന സമ്മേളനം നടത്താൻ ഷാഫി പറമ്പിൽ അധ്യക്ഷനായ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കേയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കാനും 15 മുതൽ നോമിനേഷൻ നൽകാനുമുള്ള ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.
സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് എ ഗ്രൂപ്പിൽ ഒരു വിഭാഗം ശ്രമിക്കുന്നത്. ദേശീയ കോഡിനേറ്റർ ജെ എസ് അഖിലിന്റെ പേരും സജീവ പരിഗണനയിൽ ഉണ്ട്. കെസി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ള മറ്റൊരു നേതാവ്. തെരഞ്ഞെടുപ്പ് നടന്നാൽ വിഘടിച്ചു നിൽക്കുന്ന മറ്റു ഗ്രൂപ്പുകളുടെ കൂടെ പിന്തുണയിൽ പ്രസിഡണ്ട് പദം പിടിച്ചെടുക്കാനാകും എന്ന പ്രതീക്ഷയിലാണ് കെസി വേണുഗോപാൽ പക്ഷം. എന്നാല്‍ വര്‍ഷങ്ങളായി എ ഗ്രൂപ്പിന് ആധിപത്യമുള്ള സംഘടനാ സംവിധാനമാണ് യൂത്ത് കോണ്‍ഗ്രസിന്‍റേത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറഞ്ഞ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ക്കും സാധ്യതയുണ്ട്.