ശിവമോഗ∙ കർണാടകയിലെ സൊറാബയിൽ ബിജെപി സ്ഥാനാർഥിയായ ജ്യേഷ്ഠനെ തോൽപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥിയായ അനുജന് വൻ വിജയം. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ ഇളയ മകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ എസ്. മധു ബംഗാരപ്പയാണ് ജ്യേഷ്ഠൻ കുമാർ ബംഗാരപ്പയെ കർണാടകയിലെ സൊറാബയിൽ 44,262 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്മണ്ഡലത്തിൽ മധു ബംഗാരപ്പ 98,912 വോട്ട് നേടിയപ്പോൾ സിറ്റിങ് എംഎൽഎയും സഹോദരനുമായ കുമാർ ബംഗാരപ്പയ്ക്ക് കിട്ടിയത് 54,650 വോട്ട് മാത്രമാണ്. മൂന്നാം സ്ഥാനത്ത് എത്തിയ ദൾ സ്ഥാനാർഥി ബസരു ചന്ദ്രെഗൗഡ 6,477 വോട്ട് നേടി.
2018ൽ മധു ബംഗാരപ്പയെ 13,286 വോട്ടിന് പരാജയപ്പെടുത്തിയാണു കുമാർ ബംഗാരപ്പ സീറ്റ് പിടിച്ചെടുത്തത്. അന്ന് മധു ബംഗാരപ്പ ജെഡിഎസ് ടിക്കറ്റിലാണു മത്സരിച്ചത്.
1967നു ശേഷം നടന്ന 13 തിരഞ്ഞെടുപ്പിൽ 12 എണ്ണത്തിലും സൊറാബ മണ്ഡലത്തിൽ ജയിച്ചിട്ടുള്ളത് ബംഗാരപ്പ കുടുംബത്തിലുള്ളവരാണ്. അച്ഛൻ ഏഴു വട്ടം തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ മക്കൾ ഏറ്റുമുട്ടിയത് അഞ്ചാം തവണയാണ്. കോൺഗ്രസിൽ ചേരും മുൻപേ ബിജെപിയിലും സമാജ്‌വാദി പാർട്ടിയിലും ജനതാദളിലും മധു പ്രവർത്തിച്ചിട്ടുണ്ട്.