പാറശാല(തിരുവനന്തപുരം)∙ മീൻ കയറ്റി എത്തിയ ലോറി വാനിലേക്ക് ഇടിച്ചു കയറി 12 വയസ്സുകാരനു ദാരുണാന്ത്യം. കോതമംഗലം ചെങ്കര പേണാട്ട് ബിനുകുമാറിന്റെയും ഹണിയുടെയും മകൻ അഭിനവ് (ആരോമൽ–12) ആണ് മരിച്ചത്. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂൾ വിദ്യാർഥിയാണ്.
അപകടത്തിൽ വാനിൽ ഉണ്ടായിരുന്ന 9 പേർക്ക് പരുക്കേറ്റു. ഇന്നലെ പുലർച്ചെ 3ന് ദേശീയപാതയിൽ ഇഞ്ചിവിള വളവിൽ ആണ് സംഭവം. മത്സ്യം കയറ്റി എത്തിയ ലോറി കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന വാനിന്റെ മധ്യഭാഗത്ത് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ആരോമൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ എൽദോസ്(42), ഷിബി(41), നോവ(17), ഹണി ബിനു(38), ബിനു(40), അഭിഷേക് (16) എന്നിവർ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും എദൻ (10) എസ്എടി ആശുപത്രിയിലും ബിനുകുമാർ, അജിത കെ.അരുൾ എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ ആണ്.
ഇടിയുടെ ശബ്ദം കേട്ട് നാട്ടുകാർ എത്തി പരുക്കേറ്റവരെ സമീപത്തെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വളവുകൾ കൂടുതലുള്ള റോഡിലെ വെളിച്ചക്കുറവും മഴയും ആണ് അപകട കാരണം. അപകടസമയത്ത് ലോറി അമിത വേഗത്തിലായിരുവെന്നും സൂചനയുണ്ട്. മരിച്ച അഭിനവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ടോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. പരുക്കേറ്റു ചികിത്സയിലുള്ള അഭിഷേക് സഹോദരനാണ്.
കോതമംഗലത്ത് നിന്ന് വെള്ളിയാഴ്ചയാണ് കന്യാകുമാരിയിലേക്ക് 12 പേർ അടങ്ങുന്ന സംഘം യാത്ര തിരിച്ചത്. ലോറി ഡ്രൈവർ രാഹുൽ, ക്ലീനർ കിങ്സൺ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.