തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരക നിര്‍മ്മാണത്തിന് നല്കിയ തുക കുറഞ്ഞെന്ന് ആരോപിച്ച് വ്യാപാരിയെ സി പി ഐ പ്രാദേശിക നേതാവ് മര്‍ദ്ദിച്ചതായി പരാതി. വ്യാപാരിയായ മാരിയപ്പനെ മര്‍ദിച്ചെന്ന പരാതിയില്‍ പോത്തന്‍കോടുള്ള പ്രാദേശിക നേതാവ് ഷുക്കൂറിനെതിരെ പോലീസ് കേസെടുത്തു. എഐടിയുസി മേഖലാ ജനറല്‍ സെക്രട്ടറിയാണ് കേസില്‍ പ്രതിയായ ഷുക്കൂര്‍. ഇയാള്‍ തന്റെ കവിളില്‍ മര്‍ദ്ദിച്ചുവെന്നാണ് വ്യാപാരിയായ മാരിയപ്പന് പരാതി നല്‍കിയത്.
പോത്തന്‍കോട് ജംഗ്ഷനില്‍ മാരിലക്ഷ്മി സ്വീറ്റ്സ് ആന്റ് ബേക്കറി കട നടത്തുന്നയാളാണ് പരാതിക്കാരന്. വര്‍ഷങ്ങളായി മാരിയപ്പന് ഇവിടെ വ്യാപാരം നടത്തുന്നുണ്ട്. പിരിവിനായി സിപിഐ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ 50 രൂപ നല്‍കിയെന്നും ഇത് പോരെന്നും 200 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് നേതാവ് തന്നെ മര്‍ദ്ദിച്ചതെന്നുമാണ് മാരിയപ്പന് പരാതി.