മുംബൈ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റമ്പിയതിനു പിന്നാലെ, വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചിച്ച് ശിവസേന(യു.ബി.ടി) നേതാവ് സഞ്ജയ് റാവത്. മോദി തരംഗം അവസാനിച്ചെന്നും ഇനി വരാനിരിക്കുന്നത് പ്രതിപക്ഷ തരംഗമാണെന്നും അദ്ദേഹം പറഞ്ഞു.
“മോദി തരംഗം അവസാനിച്ചു, ഇപ്പോൾ നമ്മുടെ തരംഗം രാജ്യത്തുടനീളം വരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഞങ്ങളുടെ തയ്യാറെടുപ്പ് ആരംഭിച്ചു, ഇന്ന് ശരദ് പവാറിന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യുകയും അതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്യും, ” റാവത് പറഞ്ഞു. ഏകാധിപതികളെ പരാജയപ്പെടുത്താൻ ജനങ്ങൾക്ക് കഴിയുമെന്നാണ് കർണാടക വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിജയിച്ചു, അതിനർഥം ബജ്‌റങ് ബലി കോൺഗ്രസിനൊപ്പമാണ്, ബി.ജെ.പിക്കൊപ്പമല്ല എന്നാണ്. ബി.ജെ.പി തോറ്റാൽ കലാപമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി (അമിത് ഷാ) പറഞ്ഞു. കർണാടക ശാന്തവും സന്തോഷവുമാണ്. എവിടെയാണ് കലാപം?” അദ്ദേഹം ചോദിച്ചു.
ദക്ഷിണേന്ത്യയിൽ അധികാരത്തിലിരുന്ന ഏക സംസ്ഥാനത്ത് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടത് പ്രതിപക്ഷ ഐക്യത്തിന് പുതിയ ഊർജമായിരിക്കുകയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനായി ബി.ജെ.പി ഇതര കക്ഷികളുടെ യോഗം അടുത്ത ദിവസം ബിഹാറിൽ നടക്കും.