മ്യാന്‍മര്‍: ശക്തമായ മോക്ക ചുഴലിക്കാറ്റില്‍ മ്യാന്‍മറില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറില്‍ 209 കിലോമീറ്റര്‍ (130 മൈല്‍) വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്‍മറിലെ സിറ്റ്വെ ടൗണ്‍ഷിപ്പിന് സമീപം ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അതിതീവ്ര ചുഴലിയായി മാറിയ മോക്ക തീരം തൊട്ടത്. ആയിരക്കണക്കിന് ആളുകളെ സമീപത്തുള്ള ആശ്രമങ്ങളിലും പഗോഡകളിലും സ്‌കൂളുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.
കാറ്റില്‍ പെട്ട് നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന് വീണു. സിറ്റ്വെ, ക്യാക്പു, ഗ്വാ എന്നീ പ്രദേശങ്ങളിലെ വീടുകള്‍, വൈദ്യുതി ട്രാന്‍സ്‌ഫോമറുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി മ്യാന്‍മറിലെ സൈനിക ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. റക്കൈനിലെ നിരവധി മേഖലകളില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനം എന്നിവ തകരാറിലായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 300000 പേര്‍ വസിക്കുന്ന സിറ്റ്വെയില്‍ നിന്ന് 4000-ത്തിലധികം പേരെ മറ്റ് നഗരങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.