യൂട്യൂബ് പരസ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി ‘ആഡ് ബ്ലോക്കര്‍ (ad blockers)’ ആശ്രയിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവന്നിട്ടുണ്ട്. ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളില്‍ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിങ് എക്സ്റ്റന്‍ഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ തുരത്തുന്നത്. എന്നാലിപ്പോള്‍ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക് ചെയ്യാനൊരുങ്ങുകയാണ് യൂട്യൂബ്. ഇനി യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യം ബ്ലോക്ക് ചെയ്യുന്നവര്‍ക്ക് വിഡിയോ കാണാന്‍ കഴിയില്ല. ചിലപ്പോള്‍ അക്കൗണ്ട് തന്നെ നഷ്ടപ്പെടും. അതുപോലൊരു പുതിയ ഫീച്ചര്‍ യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. അതിലൊരു പ്രധാന പങ്ക് യൂട്യൂബര്‍മാര്‍ക്കും കൊടുക്കും. ഈ കാരണം കൊണ്ട് ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യൂട്യൂബ് കരിയറാക്കി സുഖമായി ജീവിച്ച് പോകുന്നത്. എന്നാല്‍, 2023-ന്റെ ആദ്യ പാദത്തില്‍ യൂട്യൂബിന്റെ പരസ്യ വരുമാനത്തില്‍ 2.6% വാര്‍ഷിക ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.