ഡല്‍ഹി : കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലാണ് അന്ത്യം. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളാണ് ബ്രിജ്‌മോഹന്‍ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാന്‍ മഹാരാജിന്റെ മകനാണ്. കുട്ടിയായിരിക്കെ പിതാവിനൊപ്പം നൃത്തം ചെയ്യാന്‍ തുടങ്ങിയ അദ്ദേഹം കൗമാരപ്രായത്തില്‍ തന്നെ ഗുരുവായി (മഹാരാജ്). രാംപൂര്‍ നവാബിന്റെ ദര്‍ബാറിലും ബിര്‍ജു മഹാരാജ് നൃത്തം അവതരിപ്പിച്ചു. 28 വയസ്സുള്ളപ്പോള്‍, ബിര്‍ജു മഹാരാജിന്റെ നൃത്തരൂപത്തിലുള്ള വൈദഗ്ദ്ധ്യം അദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തു. പ്രകടനാത്മകമായ അഭിനയത്തിന് പേരുകേട്ട ബിര്‍ജു മഹാരാജ് കഥക്കില്‍ തന്റേതായ ശൈലി വികസിപ്പിച്ചെടുത്തു. മികച്ച നൃത്ത സംവിധായകനായി അറിയപ്പെട്ടിരുന്ന അദ്ദേഹം നൃത്തനാടകങ്ങള്‍ ജനകീയമാക്കാന്‍ സഹായിച്ചു.
അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞന്‍ കൂടിയാണ് അദ്ദേഹം. നിരവധി കഥക് നൃത്തങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ഡല്‍ഹിയില്‍ ‘കലാശ്രമം’ എന്ന പേരില്‍ കഥക് കളരി നടത്തുന്നുണ്ട്. 1986-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ ഉള്‍പ്പെടെ, കലാരംഗത്തെ സംഭാവനകള്‍ക്ക് ബിര്‍ജു മഹാരാജ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.