പതിവായി പാചകം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അടുക്കളയില്‍ സംഭവിച്ചേക്കാവുന്ന അബദ്ധങ്ങളെ കുറിച്ചും അവ പരിഹരിക്കേണ്ടുന്ന വിധങ്ങളെ കുറിച്ചും വിവിധ പൊടിക്കൈകളുമെല്ലാം സുപരിചിതമായിരിക്കും. അതുപോലെ തന്നെ പലതരത്തിലുള്ള വിഭവങ്ങളുടെ പാകവും സ്വഭാവവുമെല്ലാം ഇവര്‍ക്ക് അറിവുള്ളതായിരിക്കും.
പാചകത്തില്‍ ഒട്ടും പരിചയമില്ലാത്തവര്‍ക്കാണ് ഇക്കാര്യങ്ങളിലെല്ലാം അല്‍പം പ്രശ്നം നേരിടുക. ഇത്തരക്കാര്‍ക്ക് പ്രോജനപ്രദമാകുന്ന ചില വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഉരുളക്കിഴങ്ങ്, നമുക്കറിയാം മിക്ക വീടുകളിലും വാങ്ങി ഉപയോഗിക്കുന്നൊരു വിഭവമാണ്. എന്നാല്‍ ഉരുളക്കിഴങ്ങിന് ഒരു സ്വഭാവമുണ്ട്. പലപ്പോഴും നാം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിന് അനുസരിച്ചാണ് ഉരുളക്കിഴങ്ങിന്‍റെ രുചിയനുഭവപ്പെടുക. എന്തിലാണ് ഉരുളക്കിഴങ്ങ് ചേര്‍ക്കുന്നതെങ്കില്‍ അതിന്‍റെ രുചി പിടിക്കുകയാണ് ഉരുളക്കിഴങ്ങിന്‍റെ സ്വഭാവം. ഈയൊരു സ്വഭാവമുള്ളതിനാല്‍ തന്നെ ഉരുളക്കിഴങ്ങ് കൊണ്ട് ചില ഗുണങ്ങളുമുണ്ട്.
ഇവയാണിനി പങ്കുവയ്ക്കുന്നത്. അതായത്, നാം തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങളില്‍ ഉപ്പോ എരിവോ മസാലയോ എല്ലാം കൂടിയാല്‍ അതെല്ലാം പരിഹരിക്കുന്നതിന് ഉരുളക്കിഴങ്ങ് ഉപയോഗിക്കാൻ കഴിയും. ഇതെങ്ങനെയന്നല്ലേ? അറിയാം…
ഉപ്പ് കൂടിയാല്‍…
കറി ഏതുമാകട്ടെ അതില്‍ ഉപ്പ് കുറഞ്ഞാല്‍ കറിയുടെ രുചി എന്താണെന്നേ മനസിലാകാത്ത അവസ്ഥയുണ്ടാകാം. എന്നാല്‍ ഉപ്പ് കൂടിയാലോ? ഉപ്പ് കൂടിയാല്‍ പിന്നെ ആ കറി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരിക്കും, അല്ലേ? എങ്കില്‍ പേടിക്കേണ്ട- ഉപ്പ് കൂടിയാല്‍ അല്‍പം ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയിലിട്ട് വേവിച്ചാല്‍ മതി. കഷ്ണങ്ങള്‍ വെന്ത് കഴിയുമ്പോള്‍ ഇതെടുത്ത് മാറ്റാം. ഈ സമയം കൊണ്ട് അധികമായ ഉപ്പ് ഇവ പിടിച്ചെടുത്തിരിക്കും.
മസാല കൂടിയാല്‍…
നമ്മള്‍ കറികളുണ്ടാക്കുമ്പോള്‍ പല മസാലകളും ചേര്‍ക്കാറുണ്ട്, അല്ലേ? സ്പൈസിയായ കറികള്‍ തന്നെ ഇന്ത്യൻ ഭക്ഷണത്തിന്‍റെ പ്രത്യേകത. എന്നാല്‍ സ്പൈസസ് കൂടിയാലും അത് കൊള്ളുകയില്ല. ഇങ്ങനെ സംഭവിച്ചാല്‍ കറികളിലെ അധികമസാല വലിച്ചെടുക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഇതൊന്ന് വെന്ത് കഴിഞ്ഞാല്‍ എടുത്ത് കറിയില്‍ നിന്ന് മാറ്റിയാല്‍ മാത്രം മതി.
മഞ്ഞള്‍ കൂടിയാല്‍…
കറികളില്‍ മഞ്ഞള്‍ കൂടിയാലും അത് കഴിക്കാൻ ഏറെ പ്രയാസമാണ്. നേരത്തെ ഉപ്പോ മസാലയോ കൂടിയാല്‍ അത് വലിച്ചെടുക്കാൻ ഉരുളക്കിഴങ്ങ് ഉപയോഗിക്കും പോലെ തന്നെ ഈ സാഹചര്യത്തിലും ഉപയോഗിക്കാം.
കറി ‘തിക്ക്’ ആക്കാൻ…
ഗ്രേവികള്‍ തയ്യാറാക്കുമ്പോള്‍, അല്ലെങ്കില്‍ കറികള്‍ തയ്യാറാക്കുമ്പോള്‍ അവ ‘തിക്ക്’ ആയിരിക്കാനാണ് മിക്കവരും ഇഷ്ടപ്പെടുക. ഇത്തരത്തില്‍ കറികളെ ‘തിക്ക്’ ആക്കിയെടുക്കുന്നതിനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച ശേഷമോ, അല്ലെങ്കില്‍ പേസ്റ്റ് പരുവത്തിലാക്കിയ ശേഷമോ എല്ലാം കറികളില്‍ ചേര്‍ത്താല്‍ ഇവ ‘തിക്ക്’ ആയി കിട്ടും.
ചോറ് അധികമായി വെന്താല്‍…
ചോറ് അടി പിടിച്ചാല്‍ (ചെറുതായി കരിഞ്ഞാല്‍ ) അതിന് ചെറിയ രുചിവ്യത്യാസമുണ്ടാകാം. ഇത് പലര്‍ക്കും കഴിക്കാനേ പ്രയാസമായിരിക്കും. ഇത്തരം സാഹചര്യത്തില്‍ ഈ രുചി മാറ്റാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ചോറ് ചൂടോടെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇതിന് നടുക്കായി ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വയ്ക്കുക. ഇതിന് മുകളിലായി വീണ്ടും ചോറ് കൊണ്ട് മൂടുക. പത്ത് മിനുറ്റിന് ശേഷം എടുത്തുനോക്കിയാല്‍ ചോറിലെ കരിഞ്ഞ രുചി മാറിയതായി കാണാം.