ബെംഗളുരു : ബിജെപിയെ അടിച്ചിട്ട് കോൺഗ്രസ് വൻ ഭൂരിപക്ഷത്തിന്റെ മിന്നും വിജയം നേടിയ കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരേ പോലെ ചരടുവലികൾ നടത്തുന്ന സാഹചര്യത്തിൽ എംഎൽഎമാരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ മുതിർന്ന നേതാവ് സിദ്ധരാമയ്യക്കാണെന്ന് സൂചന. എന്നാൽ അപ്പോഴും ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ് പോയ കോൺഗ്രസ് എന്ന സംഘടനെ വീണ്ടെടുത്ത് തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച ഡികെ ശിവകുമാർ എന്ന കരുത്തനായ നേതാവിന് അവഗണിക്കാൻ കോൺഗ്രസിന് കഴിയില്ല.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ഡികെ ശിവകുമാറിന് ഏത് സ്ഥാനം നൽകുമെന്നതിലാണ് ആകാംക്ഷ നിലനിൽക്കുന്നത്. നിലവിൽ സമവായമാകാത്ത സഹചര്യത്തിൽ ചർച്ചകൾക്കായി ഇരുവരും ഉച്ചയോടെ ദില്ലിക്ക് തിരിക്കും. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി കോൺഗ്രസ് നിയോഗിച്ച നിരീക്ഷകരുമായി ഒരുവട്ടം കൂടി കൂടിക്കാഴ്ച നടത്താൻ ഡി കെ ശിവകുമാർ നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിലേക്ക് എത്തിയിട്ടുണ്ട്. സമവായമായാൽ നാളെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.