ഒരേ ജോലിക്ക് ഒരേ തരത്തിലുള്ള ശമ്പളമല്ല എല്ലാ സമൂഹത്തിലും നിലനില്‍ക്കുന്നത്. സാമൂഹികമായ വൈജാത്യങ്ങള്‍ ശമ്പളക്കാര്യത്തെയും സ്വാധീനിക്കുന്നു. അതുപോലെ തന്നെയാണ് ലീവും മറ്റ് കാര്യങ്ങളും. ഓരോ തൊഴിലിലും നിശ്ചത അനുപാതം ലീവുകള്‍ അനുവദിക്കപ്പെടുന്നു. അതില്‍ തന്നെ രോഗം വന്നാല്‍ നല്‍കുന്ന സിക് ലീവ് മുതല്‍ പല തരത്തിലുള്ള ലീവുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ഇത്തരം ലീവുകള്‍ക്കെല്ലാം കൃത്യമായ കണക്കുകളുണ്ട്. അവധികള്‍, അനുവദിച്ചിരിക്കുന്ന ദിവസത്തിനും മുകളില്‍ പോയാല്‍ അത് ശമ്പളത്തെയാണ് നേരിട്ട് ബാധിക്കുക. വര്‍ഷങ്ങളായി അവധിയിലിരിക്കുന്ന ഒരാള്‍ക്ക് ശമ്പള ഇനത്തില്‍ ഒന്നും ലഭിക്കില്ല. എന്നാല്‍ ചില കമ്പനികള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള ആരോഗ്യമില്ലെങ്കിലും അവരെ സാമ്പത്തികമായി സഹായിക്കുന്നു. ഇത്തരത്തില്‍ 15 വര്‍ഷമായി സിക് ലീവിലായിരുന്ന ഒരു തൊഴിലാളി, തനിക്ക് അടിസ്ഥാന ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും പുതുക്കിയ ശമ്പള വര്‍ദ്ധനവിന് തന്നെ പരിഗണിച്ചില്ലെന്ന് പറഞ്ഞ് കേസ് നല്‍കിയത് ഏവരെയും അത്ഭുതപ്പെടുത്തി.
ശമ്പള വര്‍ദ്ധനവ് നല്‍കാത്തതിന് തൊഴിലാളി, കമ്പനിക്കെതിരെ കേസ് കൊടുത്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. യുഎസ് ആസ്ഥാനമായ ടെക് ഭീമനായ ഐബിഎമ്മിലായിരുന്നു ഇയാൻ ക്ലിഫോർഡ് ജോലി ചെയ്തിരുന്നത്. താന്‍ സിക് ലീവെടുത്ത കഴിഞ്ഞ 15 വര്‍ഷക്കാലം കമ്പനി തന്‍റെ ശമ്പളം വര്‍ദ്ധിപ്പിക്കാത്തതിനാല്‍ താന്‍ വിവേചനത്തിന് ഇരയായെന്നാണ് ഇദ്ദേഹം ലേബര്‍ കോടതിയില്‍ പരാതിപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പ്രതിവര്‍ഷ ശമ്പളം 54,000 യൂറോയ്ക്ക് (48 ലക്ഷം രൂപ) മുകളിലാണ്. മാത്രമല്ല, ആരോഗ്യ പദ്ധതി പ്രകാരം അദ്ദേഹത്തിന് 65 വയസുവരെയും ഈ ശമ്പളം ലഭിക്കുകയും ചെയ്യും. രോഗിയായതിന്‍റെ പേരില്‍ ക്ലിഫോര്‍ഡിനെ പിരിച്ച് വിടുന്നത് ഒഴിവാക്കാന്‍ കമ്പനി അദ്ദേഹത്തെ വൈകല്യ പദ്ധതിയിൽ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ഈ ശമ്പളം ലഭിക്കുന്നത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ജോലി ചെയ്യാനുള്ള ബാധ്യതയില്ലാതെ തന്നെ അദ്ദേഹത്തിന് ഐബിഎമ്മിന്‍റെ തൊഴിലാളിയായി തുടരുകയും അവിടെ നിന്ന് ശമ്പളം കൈപ്പറ്റുകയും ചെയ്യാം.
എന്നാല്‍, കമ്പനി ക്ലിഫോര്‍ഡിന്‍റെ ജോലി സംരക്ഷിക്കാന്‍ നടത്തിയ നടപടികളില്‍ അദ്ദേഹം അത്രയ്ക്ക് തൃപ്തനായിരുന്നില്ല. മാത്രമല്ല, 15 വര്‍ഷം ജോലി ചെയ്തില്ലെങ്കിലും ക്ലിഫോര്‍ഡ് ശമ്പള വര്‍ദ്ധനവ് ആഗ്രഹിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ വികലാംഗ വിവേചനത്തെക്കുറിച്ചുള്ള ക്ലെയിമുകളുടെ പേരിൽ ക്ലിഫോര്‍ഡ് കമ്പനിക്കെതിരെ കേസ് നല്‍കി. എന്നാല്‍, ഐബിഎം ക്ലിഫോര്‍ഡിന് ഗണ്യമായ ആനുകൂല്യവും മതിയായ ചികിത്സയും നല്‍കുന്നുണ്ടെന്നായിരുന്നു ട്രൈബ്യൂണലിന്‍റെ വിധി. സജീവ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ലഭിച്ചേക്കാം, എന്നാൽ നിഷ്‌ക്രിയരായ ജീവനക്കാർക്ക് അതിന് വാശിപിടിക്കാന്‍ പറ്റില്ല. എന്ന് വച്ച് അത് വൈകല്യത്തില്‍ നിന്നുമുണ്ടാകുന്ന ദോഷമല്ലെന്നും കോടതി നിരീക്ഷിച്ചു. ശമ്പള വർദ്ധനവിന്‍റെ അഭാവം വികലാംഗ വിവേചനമാണെന്നത് ശരിയാണ്. എന്നാല്‍, നിലവിലുള്ള പദ്ധതി ക്ലിഫോര്‍ഡിന് അനുകൂലമായ ചികിത്സ പ്രധാനം ചെയ്യുന്നു. അതിനാല്‍ തന്നെ ഈ തർക്കം നിലനിൽക്കില്ല. കാരണം ഈ പദ്ധതിയില്‍ നിന്നും വികലാംഗർക്ക് മാത്രമേ പ്രയോജനം ലഭിക്കൂ. അതായത് പദ്ധതി വികലാംഗ വിവേചനമല്ല.’ വിധി പ്രസ്താവിച്ചു കൊണ്ട് എംപ്ലോയ്‌മെന്‍റ് ജഡ്ജി പോൾ ഹൗസ്ഗോ കുറിച്ചു.