തിരുവനന്തപുരം: ഒറ്റ ദിവസം രാത്രിയിൽ രണ്ട് വീടുകളിൽ കയറി മൂന്ന് മൊബൈൽ ഫോണുകൾ കവർന്ന യുവാവ് പിടിയിൽ. മോഷണത്തിനിടെ ഉണർന്ന വീട്ടുകാരെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും കടന്ന് കളഞ്ഞ കള്ളനെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കാഞ്ഞിരംകുളം പുതിയതുറ കറുത്താൻ വിളവീട്ടിൽ വിജിൻ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം പള്ളിത്തെരുവ് വീട്ടിൽ ജയയുടെ വീട്ടിൽ കയറിയ വിജിൻ ഇവിടെ നിന്ന് രണ്ട് മൊബൈൽ ഫോണുകളാണ് കവർന്നത്. സമീപത്തെ കടയുടെ ജനൽ വഴി വീടിനുള്ളിലേക്ക് കടന്ന് ജയയുടെയും മകളുടെയും മൊബൈലുകളാണ് കവർന്നത്.
ഇവർ ഉണർന്ന് ബഹളം വെച്ചപ്പാൾ വീടിന്റ പിറകുവശത്തെ അടുക്കള വാതിൽ തുറന്ന് ഭീഷണിയും വെല്ലുവിളിയും നടത്തിയ ശേഷം രക്ഷപ്പെട്ടു. തുടർന്ന് പുലർച്ചെ രണ്ടര യോടെ ചൊവ്വര സ്വദേശി സരിതയുടെ വാടക വീട്ടിലും കയറി മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന സരിതയുടെ ഫോണും കവർന്നു. ആൾ രൂപം കണ്ട് വീട്ടുകാർ ഉണർന്ന് ബഹളമുണ്ടാക്കി. സമാനമായി ഭീഷണി നടത്തിയാണ് പ്രതി രക്ഷപ്പെട്ടത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ച പോലീസ് മൊബൈൽ ടവർലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണ ത്തിൽ കാഞ്ഞിരംകുളം ലൂർദ്ദ്പുരമെന്ന് കണ്ടതോടെ പ്രതിയെത്തേടി പോലീസ് സംഘം അങ്ങോട്ട് തിരിച്ചു. ഈ സമയം കവർന്ന ഫോണുകൾ വില്ക്കാനായി ഇറങ്ങിയ പ്രതിയെ വഴിയിൽ വച്ച് പിടികൂടുകയായിരുന്നു.