തിരുവനന്തപുരം∙ നന്ദിയോട് പച്ച പയറ്റടിയിലെ സ്പോർട്സ് കൗൺസിലിന്റെ നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയ കുട്ടികളിൽ പലരെയും കടുത്ത പനിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് അധികൃതർ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി എടുത്തു. അൻപതോളം കുട്ടികൾക്കാണ് പനി വന്നത്. കുട്ടികൾക്ക് പനി വന്നതിനെ തുടർന്ന് നീന്തൽ പരിശീലനം തൽക്കാലത്തേക്ക് നിർത്തിവച്ചു.അമ്പലക്കുളം സ്പോർട്സ് കൗൺസിലിന് വിട്ടുനല്‍കുകയായിരുന്നു. രാവിലെയും വൈകിട്ടുമായി മുന്നൂറോളം വിദ്യാർഥികൾ നീന്തൽ പരിശീലനം നടത്തുന്നുണ്ട്. ആഴ്ചതോറും കുളത്തിലെ വെള്ളം വൃത്തിയാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ബുധനാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനിവരുന്നതു ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സ്പോർട്സ് കൗൺസിലിലും വിവരം അറിയിച്ചു. വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കായി എടുത്തു. പരിശോധനാ ഫലം അറിയുന്നതുവരെ നീന്തൽ നിർത്തിവച്ചതായും നീന്തൽ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാർ പറഞ്ഞു.