ഹോങ്കോങ്∙ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാൻ പുതിയ പദ്ധതികളുമായ ചൈന സർക്കാർ. കുട്ടികൾക്ക് ജന്മം നൽകുന്നതിന് സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവാഹം–പ്രസവം എന്നിവയിൽ ഒരു ‘പുതിയ കാലഘട്ടം’ (ന്യൂ ഇറ) വളർത്തിയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ രൂപീകരിക്കുമെന്നാണ് ‘ദ് ഗ്ലോബൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷൻ വഴിയാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഇരുപതിലധികം നഗരങ്ങളിൽ പൈലറ്റ് പോജക്ടുകൾ ആവിഷ്കരിക്കും. വിവാഹം, ഉചിതമായ പ്രായത്തിൽ കുട്ടികൾക്കു ജന്മം നൽകൽ, കുട്ടികളെ വളർത്തുന്നതിലുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്തം, ഉയർന്ന സ്ത്രീധനം ഒഴിവാക്കൽ, പഴകിയ ആചാരങ്ങൾ ഇല്ലാതാക്കുക എന്നിവയാണു പദ്ധതികളുടെ പ്രധാന ലക്ഷ്യമെന്ന് ദ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ബെയ്ജിങ് ഉൾപ്പെടെ 20 നഗരങ്ങളിൽ കഴിഞ്ഞ വർഷം തന്നെ പദ്ധതി ആവിഷ്കരിച്ചതായി ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഹെബെയ് പ്രവിശ്യയിലെ നിർമാണപ്രവർത്തനങ്ങളുടെ ഹബ്ബായ ഗുആങ്ഷോ, ഹൻദാൻ എന്നീ നഗരങ്ങളിലും പൈലറ്റ് പ്രോജക്ട് നടപ്പാക്കും. വിവാഹം, കുട്ടികൾക്കു ജന്മം നൽകൽ എന്നിവയെക്കുറിച്ചു സമൂഹം യുവാക്കളെ കൂടുതൽ ബോധവൽക്കരിക്കേണ്ടതുണ്ടെന്ന് ജനസംഖ്യാശാസ്‌ത്രജ്ഞന്‍ ഹി യാഫു അറിയിച്ചു.
കുട്ടികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവുകൾ, ഭവന സബ്സിഡികൾ, മൂന്നാമത്തെ കുട്ടിക്ക് വിദ്യാഭ്യാസ ആനുകൂല്യം എന്നിവ സർക്കാർ നൽകിവരുന്നുണ്ട്. അതിനിടെയാണ് പുതിയ പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുന്നത്. 1980 മുതൽ 2005 വരെ ഒറ്റകുട്ടി നയമാണ് ചൈനയിൽ നിലവിലുണ്ടായിരുന്നത്. എന്നാൽ ഇത് ജനസംഖ്യ കുറയുന്നതിനും 60 വയസ്സിനു മുകളിലുള്ളവർ കൂടുന്നതിനും കാരണമായി. ജനസംഖ്യയിൽ ഇന്ത്യ ഈ വർഷം ചൈനയെ മറികടന്നിരുന്നു.