ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് ഞായറാഴ്ച ഒരുവര്‍ഷം പൂര്‍ത്തിയായി. ഇതുവരെ 156.76 കോടി ഡോസുകള്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനത്തിലധികം പേര്‍ ഒരു ഡോസും 68 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തു. കഴിഞ്ഞവര്‍ഷം ജനുവരി 16 മുതല്‍ ആരംഭിച്ച വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തുടര്‍ന്ന് ഫെബ്രുവരി രണ്ട് മുതല്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കു നല്‍കി. മാര്‍ച്ച് ഒന്ന് മുതലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കിത്തുടങ്ങി. മേയ് ഒന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു.
ഈ വര്‍ഷം ജനുവരി മൂന്ന് മുതലാണ് 15 വയസ്സ് മുതല്‍ 18 വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. ജനുവരി 10 മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും കരുതല്‍ ഡോസ് നല്‍കിത്തുടങ്ങി. അതിനിടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്ക കനക്കുകയാണ്. ഇന്നലെ 30.55 ശതമാനമായിരുന്നു ടിപിആര്‍. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ടിപിആര്‍ 30ന് മുകളിലാണ്.