ജീവിതശൈലീരോഗങ്ങള്‍ ബാധിച്ചുകഴിഞ്ഞാല്‍ പിന്നീട് അത് ഭേദപ്പെടുത്തുക പ്രയാസം തന്നെയാണ്. എന്നാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ അവയെ നിയന്ത്രിച്ചുമുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. നിയന്ത്രിച്ച് പോകേണ്ടത് അനിവാര്യവുമാണ്.
പ്രധാനമായും ഡയറ്റ് അഥവാ ഭക്ഷണമാണ് ഇത്തരത്തില്‍ ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടത്. സമാനമായി ബിപിയുള്ളവരുടെ ഡയറ്റില്‍ കൊണ്ടുവരാവുന്നൊരു പോസിറ്റീവായ ഇടപെടലിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ബിപി അഥവാ രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് ഉയരാതിരിക്കാനായി ഡയറ്റിലും കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചി ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ ചിലത് ഡയറ്റിലുള്‍പ്പെടുത്തുകയോ ചെയ്യണം. ഇങ്ങനെ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് നേന്ത്രപ്പഴം. എന്തുകൊണ്ടാണ് ബിപിയുള്ളവര്‍ നേന്ത്രപ്പഴം കഴിക്കണമെന്ന് പറയുന്നത്? ഇതിനുള്ള കാരണങ്ങള്‍ കൂടി അറിയാം…
ഒന്ന്…
നേന്ത്രപ്പഴത്തില്‍ ഒരുപാട് പോഷകങ്ങളടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഫൈബര്‍ കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇതോടെ ഹൃദ്രോഗ സാധ്യതയും കുറയുന്നു. ഇത് പരോക്ഷമായി ബിപി നിയന്ത്രിച്ചുനിര്‍ത്തുകയും ചെയ്യുന്നു.
രണ്ട്…
നേന്ത്രപ്പഴത്തിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് പല അസുഖങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളില്‍ നിന്നുമെല്ലാം നമുക്ക് ആശ്വാസമേകുന്നു. നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും വളരെ ജൈവികമായി ഇതിലൂടെ നേന്ത്രപ്പഴം സഹായിക്കുന്നുണ്ട്. സ്വാഭാവികമായും ബിപി പോലുള്ള പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത് ഈ രീതിയില്‍ ഉപകാരപ്പെടുന്നു.
മൂന്ന്…
നേന്ത്രപ്പഴം പൊട്ടാസ്യത്തിന്‍റെ നല്ലൊരു സ്രോതസാണ്. പൊട്ടാസ്യമാണെങ്കില്‍ ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഘടകമാണ്. ഇതും ആദ്യമേ സൂചിപ്പിച്ചത് പോലെ ബിപി ആരോഗ്യകരമായി തുടരുന്നതിലേക്കും നയിക്കുന്നു.
പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പ്രകാരം പൊട്ടാസ്യം ബിപിയെ കൈകാര്യം ചെയ്യുന്നതിന് വളരെയധികം സഹായകരമായിട്ടുള്ള ഘടകമാണ്. കാരണം ബിപി കൂട്ടാനിടയാക്കുന്ന സോഡിയത്തിനോട് പൊരുതുന്നതിന് പൊട്ടാസ്യത്തിന് കഴിവുണ്ടത്രേ. സോഡിയം (ഉപ്പ്) ബിപി ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതാണ്. അതിനാലാണ് ഉപ്പ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളോ ഉപ്പോ തന്നെ ബിപിയുള്ളവര്‍ കുറയ്ക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
നാല്…
മേല്‍പ്പറഞ്ഞത് പോലെ സോഡിയം ബിപിയുള്ളവര്‍ക്ക് വെല്ലുവിളിയാണല്ലോ. എന്നാല്‍ നേന്ത്രപ്പഴം സോഡിയത്തിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലുള്ള ഭക്ഷണമാണ്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ക്ക് ഇത് ഏറെ സുരക്ഷിതമാണ് കഴിക്കാൻ.