കാടാമ്പുഴ: അവയവമാറ്റത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്ട് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവയവമാറ്റ ശസ്ത്രക്രിയകൾ വർധിക്കുകയാണ്. വലിയ തുകയാണ് അവയ്ക്ക് ഈടാക്കുന്നത്. ചികിത്സാചെലവിന്റെ കാര്യത്തിൽ സുതാര്യതയില്ല. ഈ സാഹചര്യത്തിലാണ് അവയവ മാറ്റത്തിന് ഇൻസ്റ്റിറ്റ്യൂട്ട് എന്നത് സർക്കാർ ആലോചിച്ചത്. അതിന്റെ പ്രാരംഭ പ്രവർത്തനം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാടാമ്പുഴ ദേവസ്വം ആരംഭിച്ച സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് ഡയാലിസിസ് സെന്റർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതെശൈലിയുടെ ഭാഗമായാണ് പല രോഗങ്ങളും പിടിപെടുന്നത്. ജീവിതം വിലപ്പെട്ടതാണെന്ന ധാരണ വേണം. സംസ്ഥാനത്ത് നിശ്ചിതപ്രായം കഴിഞ്ഞവരെ പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി നടപ്പാക്കി. ചിലർ അത്തരം പരിശോധനക്കുപോലും തയാറാകുന്നില്ല. ഭക്ഷണം, വ്യായാമം ചുറ്റുപാട് തുടങ്ങിയവക്കെല്ലാം വലിയ പ്രധാന്യമുണ്ട്. ഭക്ഷ്യയോഗ്യമായ പച്ചക്കറി ലഭിക്കുന്ന സാഹചര്യം ഇന്ന് നമുക്കുണ്ട്. ചികിത്സാകാലങ്ങളിലേക്ക് പോകാനേ ഇടവരരുത് എന്ന തരത്തിൽ ജീവിതം ക്രമീകരിക്കണം. പാവപ്പെട്ടവന് സൗജന്യചികിത്സ ലഭ്യമാക്കുക എന്നത് വലിയ വീക്ഷണമാണ്. സാമൂഹിക പ്രതിബദ്ധതയുള്ളവർക്കാണ് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
കായികമന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി. പ്രൊഫ. കെ കെ ആബിദ് ഹുസൈൻതങ്ങൾ മുഖ്യാഥിതിയായി. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി നന്ദകുമാർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ,ഡോ. പീയൂഷ് നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.
ഡയാലിസിസ് സെന്റർ പദ്ധതിക്ക് തുടക്കമിട്ട മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണൻഎ എസ് അജയകുമാറിന് മുഖ്യമന്ത്രി ഉപഹാരം നൽകി. കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി ബിനേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി സ്വാഗതവും കാടാമ്പുഴ ദേവസ്വം മാനേജർ എൻ വി മുരളീധരൻ നന്ദിയും പറഞ്ഞു.