തിരുവനന്തപുരം : ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കുന്നതിനായി മെഡിക്കൽ ബോര്‍ഡിന് മുന്നിൽ ഹാജാക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന ബോര്‍ഡാണ് പ്രതിയെ പരിശോധിക്കുക. കഴിഞ്ഞ ദിവസം പുനലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സന്ദീപിന്റെ ഇടതു കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള പ്രതിയെ ഇന്നലെ കൊല്ലം റൂറൽ എസ് പി ഓഫീസിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിക്ക് വൈദ്യ സഹായം ഉറപ്പാക്കണമെന്നാണ് കൊട്ടാരക്കര കോടതിയുടെ നിർദ്ദേശം. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് സമയം അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാനും അനുമതിയുണ്ട്.
കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ജോലിക്കിടെ വനിതാ ഡോക്ടറെ ചികിത്സക്കെത്തിയ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറിയായിരുന്നു മരണം.