അമിത വണ്ണം ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. സ്ത്രീകളിലെ അമിത വണ്ണം സ്തനാർബുദം വരാനുള്ള സാധ്യതയെ വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമിതവണ്ണവും സ്തനാർബുദ സാധ്യതയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിരവധി പഠനങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അമിതവണ്ണമുള്ള എല്ലാ സ്ത്രീകൾക്കും സ്തനാർബുദം ഉണ്ടാകില്ലെങ്കിലും, ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഹോർമോണുകളുടെ അളവ് മാറുന്നതിന് അമിതവണ്ണം കാരണമാകും. ഉദാഹരണത്തിന് അമിത വണ്ണം മൂലം സ്തനാർബുദത്തിനുള്ള അപകട ഘടകമായ ഈസ്‌ട്രോജന്റെ അളവ് ഉയരാം. കൂടാതെ, അഡിപ്പോസ് ടിഷ്യു (കൊഴുപ്പ് കോശങ്ങൾ) ഹോർമോണുകളും സൈറ്റോകൈനുകളും ഉത്പാദിപ്പിക്കുന്നു. ഇത് ഡിഎൻഎയെ നശിപ്പിക്കുകയും ക്യാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
അതുപോലെ അമിത വണ്ണവും ഇൻസുലിൻ പ്രതിരോധവുമായും ബന്ധമുണ്ട്. ഇത്തരത്തില്‍ ഉയർന്ന അളവിലുള്ള ഇൻസുലിനും കോശവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആർത്തവവിരാമത്തിന് മുമ്പ് അമിത വണ്ണമുള്ള സ്ത്രീകൾക്ക് അമിത വണ്ണമില്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ ചെറിയ നിറമാറ്റം പോലും ക്യാൻസറിന്‍റെ ലക്ഷണങ്ങളാവാം. ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നത് ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ സ്തനങ്ങളിൽ മുഴ, ആകൃതിയിൽ മാറ്റം വരുക, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരുക, വലുപ്പം വ്യത്യാസപ്പെടുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
ശരീരത്തില്‍ പ്രകടമാകുന്ന ഇത്തരത്തിലുള്ള സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്താം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. ആദ്യം ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. മാറിടത്തിന്‍റെ ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ സ്തനങ്ങളില്‍ പാടുകള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
അമിതവണ്ണവും സ്തനാർബുദവും കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍…
1. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും, ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുകയും ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ കഴിക്കുകയും ചെയ്യേണ്ടതാണ്.
2. പതിവായി വ്യായാമം ചെയ്യുന്നച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ വേഗത്തിലുള്ള നടത്തം, നീന്തൽ, അല്ലെങ്കിൽ സൈക്ലിംഗ് എന്നിവ പോലുള്ള മിതമായ വ്യായാമം ദിവസേന 30 മിനിറ്റെങ്കിലും ചെയ്യുക.
3. സ്ഥിരമായി മദ്യപിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക. അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
4. സ്തനാർബുദം ഉൾപ്പെടെയുള്ള പല ക്യാൻസറിനുള്ള പ്രധാന അപകട ഘടകമാണ് പുകവലി. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
5. ഉറക്കക്കുറവ് ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകും. ഇത് അമിതവണ്ണത്തിനും സ്തനാർബുദത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍ രാത്രിയിൽ കുറഞ്ഞത് 7-8 മണിക്കൂർ എങ്കിലും ഉറങ്ങണം.
6. സ്ട്രെസ് മൂലം അമിത വിശപ്പും അതുവഴി അമിത വണ്ണവും ഉണ്ടാകാം. അത് സ്തനാർബുദത്തിനുമുള്ള സാധ്യത വർധിപ്പിക്കാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.
7. ഈസ്ട്രജൻ പോലുള്ള ചില ഹോർമോണുകൾ സ്തനാർബുദം വരാനുള്ള സാധ്യതയെ വർധിപ്പിക്കും. അതിനാല്‍ പതിവായി ഹോര്‍മോണ്‍ പരിശോധനകൾ ചെയ്യാം.
8. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്. ഇതിനായി മാമോഗ്രാം, ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമുകൾ എന്നിവ ഉൾപ്പെടെയുള്ള പതിവ് സ്തനാർബുദ പരിശോധനകൾ ചെയ്യാം.