ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. മുഖക്കുരു ആണ് പലരെയും അലട്ടുന്ന ഒരു ചര്‍മ്മ പ്രശ്നം. സാധാരണഗതിയില്‍ കൗമാരപ്രായത്തിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുപ്പതുകളിലും നാല്‍പതുകളിലുമെല്ലാം ചിലര്‍ക്ക് മുഖക്കുരു ഉണ്ടാകാം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മുഖക്കുരു വരാനുള്ള സാധ്യത ഏറെയാണ്. വേനൽക്കാലത്തെ വിയർപ്പും അധികമായി സെബം ഉൽപാദനവുമാണ് ഇത്തരത്തില്‍ മുഖക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.
വേനൽക്കാലത്ത് മുഖക്കുരു തടയാൻ വീട്ടിലുള്ള പ്രകൃതിദത്ത ചേരുവകൾ തന്നെ ധാരാളമാണ്. അത്തരത്തില്‍ ചിലത് പരിചയപ്പെടാം…
ഒന്ന്…
ടീ ട്രീ ഓയില്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ടീ ട്രീ ഓയിലിന് ആന്‍റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ ബാക്ടീരിയകളെ കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇതിനായി കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ഒരു കോട്ടൺ തുണിയില്‍ പുരട്ടി മുഖക്കുരുവുള്ള ഭാഗങ്ങളില്‍ പുരട്ടാം. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്…
തേന്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ തേനിനുണ്ട്. അതിനാല്‍ മുഖക്കുരുവുള്ള ഭാഗങ്ങളില്‍ ചെറിയ അളവിൽ തേൻ പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്…
ഗ്രീൻ ടീ ആണ് അടുത്തത്. ഗ്രീൻ ടീയിൽ ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കും. ഇതിനായി തണുപ്പിച്ച ഗ്രീൻ ടീ ബാഗ് മുഖക്കുരുവുള്ള ഇടങ്ങില്‍ കുറച്ച് മിനിറ്റ് നേരം വയ്ക്കുക, ശേഷം കഴുകി കളയാം.
നാല്…
ഐസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുഖക്കുരുവുള്ള ഭാഗങ്ങളില്‍ ഐസ് പുരട്ടുന്നത് വീക്കവും ചുവപ്പും കുറയ്ക്കും. ഇതിനായി വൃത്തിയുള്ള ഒരു തുണിയിൽ കുറച്ച് ഐസ് ക്യൂബുകൾ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്ത് 5 മിനിറ്റ് നേരം വയ്ക്കാം.
അഞ്ച്…
നാരങ്ങാനീര് ആണ് അടുത്തത്. നാരങ്ങാനീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉണങ്ങാൻ സഹായിക്കും. ഇതിനായി ഒരു കോട്ടൺ ബോൾ നാരങ്ങാനീരില്‍ മുക്കി മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കാം. 10-15 മിനിറ്റിന് ശേഷം കഴുകി കളയാം.
ആറ്…
ഒരു ടീസ്പൂൺ കറുവാപ്പട്ട പൊടി രണ്ട് ടീസ്പൂൺ തേനിൽ കലർത്തുക. ശേഷം ഈ മിശ്രിതം മുഖക്കുരുവിന്മേൽ പുരട്ടി 10-15 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയാം.
ഏഴ്…
മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുഖക്കുരുവിനെ തടയാന്‍ സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഇതിനായി ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചെറിയ അളവിൽ വെള്ളത്തിൽ കലർത്തുക. ശേഷം ഈ മിശ്രിതം മുഖക്കുരുവിന്മേൽ പുരട്ടി 10-15 മിനിറ്റിന് ശേഷം കഴുകി കളയാം.
എട്ട്…
ഒരു വെള്ളരിക്ക മിക്‌സിലിട്ട് അടിച്ചെടുക്കുക. ശേഷം ഈ വെള്ളരിക്കാ നീരില്‍ ഒരു കോട്ടൺ ബോൾ മുക്കി മുഖക്കുരുവിൽ വയ്ക്കുക. 10 മുതൽ 15 മിനിറ്റിന് ശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.