ദില്ലി: സഹപ്രവർത്തകയുടെ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് മുൻകൂർ ജാമ്യം. അസം പൊലീസ് എടുത്ത കേസിൽ ശ്രീനിവാസ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയിലെത്തുകയായിരുന്നു. ഇതിനെത്തുടർന്നാണ് സുപ്രീം കോടതി ശ്രീനിവാസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. അൻപതിനായിരം രൂപ ജാമ്യ തുക നൽകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അസം സർക്കാരിന് കോടതി നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിനെതിരെ അസമിലെ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് കഴിഞ്ഞ മാസം അസം പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് വനിതാ നേതാവ് പരാതിയിൽ പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അസം പൊലീസ് കേസ് എടുത്തത്. ശ്രീനിവാസ് ബി വി തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്തെന്നും ഇവർ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ദിസ്പുര്‍ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
പൊലീസിന് നൽകിയ പരാതിക്ക് പുറമേ മജിസ്‌ട്രേട്ടിന് മുന്നിലും വനിതാ നേതാവ് മൊഴി നല്‍കിയിരുന്നു. ഇവരുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസും യൂത്ത് കോൺഗ്രസ് സെക്രട്ടറി ഇൻചാർജ് വർധൻ യാദവും തന്നെ തുടർച്ചയായി ഉപദ്രവിക്കുന്നുവെന്നാണ് വനിതാ നേതാവിന്‍റെ പരാതി. ഇത് സംബന്ധിച്ച് സംഘടനക്ക് പല തവണ പരാതി നൽകി. എന്നാൽ ഒരു അന്വേഷണ സമിതിയെപ്പോലും നിയോഗിച്ചില്ലെന്നും അവർ ആരോപിച്ചു. ഇത് സംബന്ധിച്ചും നേതൃത്വത്തിന് പരാതി നൽകി. എന്നാൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു.