ഇരിട്ടി: കുന്നോത്തുള്ള അറക്കൽ ഏലിയാമ്മയുടെ വീട്ടിൽ മോഷണം നടത്തിയ കുശാൽനഗർ സ്വദേശിനി ഹോം നേഴ്സ് സീന എന്ന ഇ.ടി. ഷൈനയെ(42) ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഹോം നേഴ്സ് ആയി ജോലി ചെയ്തു വന്നിരുന്ന സീന ഏപ്രിൽ 26ന് ജോലി അവസാനിപ്പിച്ച് പോയ ശേഷം ഏലിയാമ്മയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം നാലുപവൻ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടതായി മകൾ വിജി ഇരിട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.
പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിക്കാതെ വന്നപ്പോൾ പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.പ്രതി തലശ്ശേരിയിലെ മണവാട്ടി ജ്വല്ലറിയിൽ എത്തിയതായി മനസ്സിലാക്കിയ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏകദേശം രണ്ടര പവൻ വരുന്ന സ്വർണമാല ഉരുക്കിയ നിലയിൽ മണവാട്ടി ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അന്വേഷണത്തിന് എസ്.ഐ നിബിൻ, എ.എസ്.ഐ സജിത്ത്, കോൺസ്റ്റബിൾമാരായ ബിനീഷ്, ബിജു എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച വൈകീട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.