ന്യൂഡൽഹി∙ മണിപ്പുർ സംഘർഷം നിയന്ത്രിക്കുന്നതിന് ഉണർന്ന് പ്രവർത്തിക്കാതിരുന്ന സർക്കാരിനെതിരെ സുപ്രീം കോടതി. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ വിഷയമാണ്. രാഷ്ട്രീയ അധികാരികൾ ഇക്കാര്യത്തിൽ അന്ധരായി മാറുന്നില്ലെന്ന് സുപ്രീം കോടതിക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.സുരക്ഷ ഉറപ്പാക്കിയതും ആക്രമിക്കപ്പെട്ടവർക്ക് ദുരിതാശ്വാസം നൽകിയതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. െമയ്തെയ് വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം നൽകുന്ന വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലായതിനാൽ അതിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.
കുകി ഉൾപ്പെടെയുള്ള ആദിവാസി വിഭാഗങ്ങൾക്ക് ശാന്തിയും സമാധാനവും ഉറപ്പു വരുത്താനും നടപടികൾ വിലയിരുത്താനും ചീഫ് സെക്രട്ടറിക്കും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവിനും ഉത്തരവ് നൽകി. സംവരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് മണിപ്പുർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
കലാപബാധിത പ്രദേശങ്ങളിൽ നിന്നും 46,000 പേരെ രക്ഷിച്ച് അടിയന്തര സഹായങ്ങൾ നൽകിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് കുടുങ്ങിപ്പോയ 3,000 പേരെ എയർപോർട്ടുകളിലെത്തിച്ച് സംസ്ഥാനം വിടുന്നതിന് സൗകര്യം ഒരുക്കിയെന്നും അറിയിച്ചു. ഇംഫാൽ മലനിരകളിൽ താമസിക്കുന്ന മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. മലമ്പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസികളാണ് ആക്രമിക്കപ്പെട്ടത്. 50 പേർ കൊല്ലപ്പെട്ടുവെന്നാണ് സർക്കാർ കണക്ക്.